ഡിജിറ്റൽ സാമ്പത്തിക സേവന രംഗത്തെ ടെക് ഭീമന്മാർ വളർച്ച നേടുന്നത് സാമ്പത്തിക സ്ഥിരതയ്ക്ക് വെല്ലുവിളി; മുന്നറിയിപ്പുമായി ആർബിഐ

ന്യൂഡൽഹി: ഡിജിറ്റൽ സാമ്പത്തിക സേവന രംഗത്തെ ടെക് ഭീമന്മാർ വളർച്ച നേടുന്നത് സാമ്പത്തിക സ്ഥിരതയ്ക്ക് വെല്ലുവിളിയാണെന്ന് റിപ്പോർട്ട്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഇക്കാര്യം അറിയിച്ചത്. സാമ്പത്തിക സ്ഥിരതാ റിപ്പോർട്ടിലാണ് ആർബിഐ ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. സാമ്പത്തിക സേവന രംഗത്ത് ടെക് കമ്പനികൾക്ക് മേധാവിത്വം ഉണ്ടാകുന്ന സാഹചര്യത്തിലാണ് ആർബിഐയുടെ വെളിപ്പെടുത്തൽ.

ഏത് കമ്പനികളാണെന്നോ ഏത് രാജ്യത്ത് നിന്നുള്ള കമ്പനികളാണെന്നോ ഉള്ള വിവരം ആർബിഐ വ്യക്തമാക്കിയിട്ടില്ല. അതേസമയം ഇന്ത്യൻ വിപണിയിൽ വൻകിട ടെക് കമ്പനികൾ സമീപ കാലത്ത് കാഴ്ചവെച്ച താത്പര്യവും സ്വാധീനവും വെല്ലുവിളി ഉയർത്തുന്നുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ആമസോൺ, ആൽഫബെറ്റ് (ഗൂഗിൾ), തുടങ്ങിയ ഭീമന്മാർ കോടിക്കണക്കിന് രൂപയാണ് ഇന്ത്യൻ വിപണിയിൽ നിക്ഷേപിക്കുന്നത്.

റീടെയ്ൽ സെക്ടറുമായി ബന്ധിപ്പിക്കുന്നതും ഇൻഷുറൻസ് വിൽപനയും മ്യൂച്വൽ ഫണ്ട് സേവനങ്ങളും തങ്ങളുടെ ആപ്പിൽ ലഭ്യമാക്കുന്നതും ബാങ്കുകളുടെ ഡിജിറ്റൽ വിപണിയിലെ ഓഹരിയെ കാർന്നുതിന്നുന്നതാണെന്ന് ആർബിഐ നിരീക്ഷിക്കുന്നു. ഇന്ത്യയിലെ റീടെയ്ൽ വിപണിയിൽ ഡിജിറ്റൽ പേമെന്റ് വിഭാഗത്തിന്റെ ഭൂരിഭാഗവും ഫോൺപേയും ഗൂഗിൾ പേയുമാണ് കയ്യടക്കി വെച്ചിരിക്കുന്നത്.