ഫ്‌ളാറ്റുകളിൽ വളർത്തു മൃഗങ്ങളെ അനുവദിക്കില്ലെന്ന നിലപാട് നിയമപരമല്ല; ആരും മൃഗങ്ങളെ വളർത്തരുതെന്ന് അസോസിയേഷനുകൾക്ക് പറയാനാവില്ലെന്ന് ഹൈക്കോടതി

കൊച്ചി: ഫ്‌ളാറ്റുകളിൽ വളർത്തു മൃഗങ്ങളെ അനുവദിക്കില്ലെന്ന നിലപാട് നിയമപരമല്ലെന്ന് ഹൈക്കോടതി. ആരും മൃഗങ്ങളെ വളർത്തരുതെന്ന് അസോസിയേഷനുകൾക്ക് പറയാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഇത്തരം സംഭവങ്ങളെ കുറിച്ചും വളർത്തുമൃഗങ്ങളോടുള്ള ക്രൂരതയും സംബന്ധിച്ച പരാതി അന്വേഷിക്കാൻ കളക്ടർമാരെ അധികാരപ്പെടുത്തുന്നത് പരിഗണിക്കണമെന്നു കോടതി ആവശ്യപ്പെട്ടു.

മറ്റുള്ളവർക്ക് ഉപദ്രവമില്ലാതെ മൃഗങ്ങളെ സംരക്ഷിക്കുന്നതു തടസപ്പെടുത്താൻ കഴിയില്ല. വളർത്തുമൃഗങ്ങളെ സംരക്ഷിക്കാൻ വ്യക്തികൾക്കും സംരക്ഷിക്കപ്പെടാൻ മൃഗങ്ങൾക്കും അവകാശമുണ്ട്. ഇക്കാര്യത്തിൽ കേന്ദ്ര മൃഗക്ഷേമ ബോർഡിന്റെ നിർദേശം ഹാജരാക്കാനും കോടതി നിർദ്ദേശം നൽകി.

കൊച്ചി കലൂർ സ്വദേശി റോഷൻ ജോസഫും അദ്ദേഹത്തിന്റെ വളർത്തുനായ ഓസ്‌കറും അനുഭവിക്കുന്ന പ്രശ്നങ്ങളും അടുത്തിടെയാണ് സാമൂഹ്യ മാദ്ധ്യമങ്ങളിൽ ചർച്ചാ വിഷയമായത്. കലൂരിൽ ഫ്‌ളാറ്റിലാണ് റോഷൻ താമസിക്കുന്നത്. കോവിഡ് കാലത്ത് കൂടെ കൂട്ടിയതാണ് ലാബ്രഡോർ ഇനത്തിൽപ്പെട്ട നായ്ക്കുട്ടിയെ. എന്നാൽ ഫ്‌ളാറ്റിലെ ചിലർക്ക് അത് ഇഷ്ടപ്പെടുന്നില്ലെന്നും ഒരു ദിവസം ഒരു വ്യക്തി തങ്ങളെ മർദിച്ചുവെന്നും റോഷന്റെ ആരോപണം. മേനക ഗാന്ധിയുമായി സംസാരിച്ച ശേഷമാണ് പോലീസ് വിഷയത്തിൽ ഇടപെട്ടതെന്നും സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പുറത്തു വിട്ട വീഡിയോയിൽ റോഷൻ പറയുന്നു.

ഫ്‌ളാറ്റുകളിൽ ഇത്തരത്തിൽ അരുമ മൃഗത്തെ വളർത്താൻ കഴിയാതെ വിഷമിക്കുന്ന ഒട്ടേറെ പേരുണ്ടെന്നും അവർക്കു വേണ്ടി കൂടിയാണ് താൻ അനുഭവിച്ച വിഷമതകൾ പുറംലോകത്തെ അറിയിച്ചതെന്നും റോഷൻ വ്യക്തമാക്കി.