കൊച്ചി: കിറ്റെക്‌സ് കമ്പനിയുമായി അനുരഞ്ജന നീക്കത്തിനൊരുങ്ങി സർക്കാർ. ഇതിന്റെ ഭാഗമായി വ്യവസായ വകുപ്പ് ഉദ്യോഗസ്ഥർ കിറ്റെക്‌സിലെത്തി ചെയർമാൻ സാബു എം ജേക്കബിനെ നേരിൽ കണ്ട് പരാതികൾ കേട്ടു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച ചർച്ച നടത്തുമെന്ന് വ്യവസായിക വകുപ്പ് മന്ത്രി മന്ത്രി പി രാജീവ് അറിയിച്ചു. അതേസമയം ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പു ലഭിച്ചാൽ മാത്രമേ ചർച്ചയിൽ പങ്കെടുക്കുകയൊള്ളുവെന്നാണ് കിറ്റെക്‌സ് എംഡി സാബു എം ജേക്കബിന്റെ തീരുമാനം.
സർക്കാരുമായി ഏർപ്പെട്ട 3500 കോടി രൂപയുടെ പദ്ധതിയിൽ നിന്നും കഴിഞ്ഞ ദിവസമാണ് കിറ്റെക്‌സ് പിന്മാറിയത്. വിവിധ വകുപ്പുകളുടെ തുടർച്ചയായ പരിശോധനകളുടെ പശ്ചാത്തലത്തിലായിരുന്നു കിറ്റെക്‌സിന്റെ പിന്മാറ്റം. തുടർന്നാണ് സർക്കാർ അനുരഞ്ജന നീക്കത്തിനായെത്തിയത്. കിറ്റക്സ് വിഷയം അതീവ ഗൗരവത്തോടെ കാണുന്നെന്ന് വ്യവസായ മന്ത്രി പി. രാജീവ് വ്യക്തമാക്കിയിരുന്നു. വ്യവസായ സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന വേണ്ടെന്നാണ് സർക്കാർ നിലപാടെന്നും അദ്ദേഹം അറിയിച്ചിരുന്നു.
അതേസമയം ചില ഉദ്യോഗസ്ഥർ വീണ്ടും വീണ്ടും നോട്ടീസ് അയക്കുകയാണെന്നാണ്് സാബു എം ജേക്കബിന്റെ ആരോപണം. തന്റെ സ്ഥാപനവുമായി ബന്ധമില്ലാത്ത നിയമം ഉപയോഗിച്ചാണ് നോട്ടീസ് അയക്കുന്നതെന്നും 76 നിയമങ്ങൾ ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടി അസിസ്റ്റന്റ് ലേബർ ഇൻസ്‌പെക്ടർ രണ്ടാം തീയതി നോട്ടീസ് നൽകിയതായും സാബു എം ജേക്കബ് വ്യക്തമാക്കുന്നു.