ഐ.എസ്.ആർ.ഒ ചാരക്കേസ്; നിർണായകവെളിപ്പെടുത്തലുകളുമായി ഫൗസിയ ഹസൻ

കൊച്ചി: ഐ.എസ്.ആർ.ഒ ചാരക്കേസ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്ത്. കേസിൽ ഒന്നാം പ്രതിയായ എസ്. വിജയൻ മറിയം റഷീദയ്ക്കു നേരെ ലൈംഗികാതിക്രമത്തിനു ശ്രമിച്ചെന്നും ഇതിനു വഴങ്ങാത്തതിനാലാണ് കേസിൽ കുടുക്കിയതെന്നും ഫൗസിയ ഹസൻ വ്യക്തമാക്കി. ചാരക്കേസിലെ മറ്റൊരു പ്രതിയായിരുന്നു മാലി സ്വദേശിനിയായ ഫൗസിയ ഹസൻ. ഹൈക്കോടതിയിൽ നൽകിയ വിശദീകരണത്തിലാണ് ഇവർ ഇക്കാര്യം വെളിപ്പെടുത്തിയത്.

ഐഎസ്ആർഒ ഗൂഢാലോചന അന്വേഷിക്കുന്ന സി.ബി.ഐ സംഘം രജിസ്റ്റർ ചെയ്ത കേസിൽ വിജയനും രണ്ടാം പ്രതി തമ്പി എസ്. ദുർഗാദത്തും നൽകിയ മുൻകൂർ ജാമ്യഹർജിയെ എതിർത്ത് നൽകിയ വിശദീകരണത്തിലാണ് ഫൗലസിയ ഇക്കാര്യം വ്യക്തമാക്കിയത്. ചാരക്കേസിലൂടെ വ്യക്തിപരവും ഔദ്യോഗികവുമായ നേട്ടങ്ങൾക്കു പുറമേ രാഷ്ട്രീയ സാമ്പത്തിക നേട്ടങ്ങളും ഇവരടക്കമുള്ള ഗൂഢാലോചനക്കേസിലെ പ്രതികൾക്ക് ലഭിച്ചെന്നും ഫൗസിയ പറഞ്ഞു. സ്‌പെഷ്യൽ ബ്രാഞ്ച് ഇൻസ്പെക്ടറായിരുന്ന വിജയനും വഞ്ചിയൂർ സ്റ്റേഷൻ ഹൗസ് ഓഫീസറായിരുന്ന തമ്പി എസ്. ദുർഗാദത്തും ചേർന്നാണ് ഔദ്യോഗിക രഹസ്യ നിയമ പ്രകാരം ചാരക്കേസെടുത്തത്. കേന്ദ്ര സർക്കാരിന്റെയോ ഐ.എസ്.ആർ.ഒയുടെയോ പരാതിയില്ലാതെ ഔദ്യോഗിക രഹസ്യനിയമപ്രകാരം കേസെടുക്കാനാവില്ലെന്നിരിക്കെ തങ്ങളെ കേസിൽ കുടുക്കിയതാണെന്നും ഫൗസിയ ഹൈക്കോടതിയിൽ നൽകിയ വിശദീകരണത്തിൽ പറയുന്നു.

മറിയം റഷീദയുടെ വിസാ കാലാവധി 1994 ഒക്ടോബർ 20 ന് അവസാനിക്കാനിരിക്കെ 18 ദിവസം മുമ്പ് കാലാവധി നീട്ടിക്കിട്ടാൻ ഫോറിനേഴ്‌സ് രജിസ്‌ട്രേഷൻ ഓഫീസായ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫീസിൽ പോയിരുന്നു. അവിടെ വിജയൻ മറിയം റഷീദയുടെ പാസ്പോർട്ടും രണ്ട് വിമാന ടിക്കറ്റുകളും വാങ്ങിവച്ചു. കുറച്ചു ദിവസങ്ങൾക്കുശേഷം വിജയൻ മറിയം റഷീദ താമസിക്കുന്ന ഹോട്ടൽ മുറിയിലെത്തി ചില ചോദ്യങ്ങൾ ചോദിച്ചു മടങ്ങി. പിന്നീട് ഒക്ടോബർ എട്ടിന് മുറിയിലെത്തിയ വിജയൻ ഫൗസിയയോട് പുറത്തു പോകാൻ ആവശ്യപ്പെടുകയും മറിയം റഷീദയെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ മറിയം റഷീദ ബലാത്സംഗ ശ്രമം എതിർക്കുകയും വിജയനെ മുറിയിൽ നിന്നും പുറത്താക്കുകയും ചെയ്തു. ഈ സംഭവത്തിന് ശേഷമാണ് മറിയം റഷീദയുടെ വിസാ കാലാവധി നീട്ടി നൽകാതെ അനധികൃതമായി ഇന്ത്യയിൽ താമസിച്ചെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തതും തുടർന്ന് ചാരക്കേസ് സൃഷ്ടിച്ചതും. ബംഗളൂരുവിലെ സ്‌കൂളിൽ മക്കൾക്ക് അഡ്മിഷനെടുക്കാനാണ് 1994 ൽ ഇന്ത്യയിലെത്തിയത്. തിരുവനന്തപുരത്ത് ഹോട്ടൽ സമ്രാട്ടിലാണ് താമസിച്ചത്. പകർച്ചവ്യാധിയെത്തുടർന്ന് മാലിദ്വീപിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കിയ സമയമായിരുന്നു അതെന്നും ഫൗസിയ കോടതിയെ അറിയിച്ചു.