ജയിലിൽ ഭീഷണിയുണ്ടെന്ന സരിത്തിന്റെ പരാതി; അന്വേഷണം ആരംഭിച്ച് ആഭ്യന്തര വകുപ്പ്‌

തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ ജയിലിൽ ഭീഷണിയുണ്ടെന്ന സ്വർണക്കടത്ത് കേസ് പ്രതി സരിത്തിന്റെ പരാതിയിൽ അന്വേഷണം ആരംഭിച്ച് ആഭ്യന്തര വകുപ്പ്. ആഭ്യന്തരവകുപ്പ് ജോയിന്റ് സെക്രട്ടറി ആർ.സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടക്കുന്നത്. സരിത്തിന്റെ പരാതിയിൽ കഴമ്പുണ്ടോയെന്നും ഉദ്യോഗസ്ഥരെ കുടുക്കാനുള്ള ആസൂത്രിത ശ്രമമാണോ നടക്കുന്നതെന്നും അന്വേഷിക്കും.

സംഭവവുമായി ബന്ധപ്പെട്ട് ജയിൽ ഡിജിപി ഋഷിരാജ് സിങ് നേരത്തെ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നാൽ കൂടുതൽ പരിശോധന ആവശ്യമായ സാഹചര്യം ഉണ്ടായതോടെ ആഭ്യന്തര സെക്രട്ടറി ടി.കെ.ജോസ് അന്വേഷണത്തിനു നിർദേശം നൽകുകയായിരുന്നു. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന നിർദ്ദേശം. സംശയകരമായ ഇടപാടുകൾ നടത്തിയതിനെത്തുടർന്ന് സ്ഥലംമാറ്റിയ ജയിൽ ജീവനക്കാരൻ ബോസിന്റെ പങ്കിനെ കുറിച്ചും അന്വേഷണം ഉണ്ടാകും.

ജയിലിനുള്ളിൽ തനിക്കു ഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടി എറണാകുളം അഡീ.ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് സരിത് പരാതി നൽകിയത്. തുടർന്ന് ദക്ഷിണ മേഖല ഡിഐജി ജയിലിലെത്തി പരിശോധന നടത്തി. എന്നാൽ സരിത് അന്വേഷണത്തോട് സഹകരിക്കാൻ തയാറാകാതെ സ്വർണക്കടത്തുകേസിൽ മൊഴി മാറ്റി പറയാൻ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തുന്നതായി ആരോപണം ഉന്നയിച്ചു. സരിത്തിനു ജയിൽ ഉദ്യോഗസ്ഥരിൽനിന്ന് ഭീഷണിയുണ്ടെന്നത് വസ്തുതാ വിരുദ്ധമാണെന്ന് വ്യക്തമാക്കിയാണ് ഡിഐജി റിപ്പോർട്ടു സമർപ്പിച്ചത്.