കാബൂൾ: അഫ്ഗാനിസ്താനിൽ താലിബാൻ സ്വാധീനം വർധിപ്പിക്കുന്നതിനിടെ ഇന്ത്യയുടെ പിന്തുണ തേടി അഷ്‌റഫ് ഗനി സർക്കാർ. ആറ് പ്രവിശ്യാ തലസ്ഥാനങ്ങളുടെ നിയന്ത്രണം താലിബാൻ പിടിച്ചെടുത്തതിന് പിന്നാലെയാണ് അഫ്ഗാൻ സർക്കാർ ഇന്ത്യയുടെ പിന്തുണ തേടിയതെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഓഗസ്റ്റ് 31 ഓടെ അമേരിക്ക സൈന്യത്തെ പൂർണമായും പിൻവലിക്കുന്നതോടെ താലിബാൻ അക്രമത്തിന്റെ തോത് വർദ്ധിപ്പിക്കുമെന്നാണ് അഫ്ഗാനിസ്താൻ ആശങ്കപ്പെടുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ ഇന്ത്യൻ വ്യോമസേന തങ്ങളുടെ വ്യോമസേനയ്ക്ക് പിന്തുണ നൽകണമെന്നാണ് അഫ്ഗാൻ സർക്കാർ ആഗ്രഹിക്കുന്നതെന്നാണ് വിവരം.
യുഎസ് സൈന്യം പിന്മാറാൻ ആരംഭിച്ചതിന് പിന്നാലെ അഫ്ഗാനിസ്താനിൽ താലിബാൻ സ്വാധീനം വർധിപ്പിച്ചിരിക്കുകയാണ്. പല പ്രദേശങ്ങളും ഇതിനോടകം തന്നെ താലിബാന്റെ നിയന്ത്രണത്തിലായി കഴിഞ്ഞു. പതിനായിരക്കണക്കിന് ആളുകളാണ് യുദ്ധഭീതിയാൽ സ്വന്തം വീടും സ്ഥലവും വിട്ട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് പാലായനം ചെയ്യുന്നത്.

