General (Page 1,452)

കൊച്ചി: നടൻ മമ്മൂട്ടിയ്ക്ക് ആദരവുമായി ബിജെപി. അഭിനയജീവിതത്തിൽ അൻപതുവർഷം പൂർത്തിയാക്കുന്ന വേളയിലാണ് ബിജെപി മമ്മൂട്ടിയ്ക്ക് ആദരിച്ചത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനും എറണാകുളം ജില്ലാ പ്രസിഡന്റ് എസ്.ജയകൃഷ്ണനും ഉൾപ്പെടെയുള്ളവർ മമ്മൂട്ടിയുടെ വീട്ടിൽ നേരിട്ടെത്തി അദ്ദേഹത്തെ പൊന്നാട നൽകി ആദരിച്ചു. അദ്ദേഹത്തിന് സംഘം ഓണക്കോടിയും സമ്മാനിച്ചു. ഒരു മണിക്കൂറോളം മമ്മൂട്ടിയുടെ വീട്ടിൽ ചെലവഴിച്ച ശേഷമാണ് ഇരുവരും മടങ്ങിയത്.

വൈകിട്ട് അഞ്ച് മണിയോടെയാണ് ബിജെപി നേടാക്കൾ മമ്മൂട്ടിയുടെ കൊച്ചിയിലെ വീട്ടിൽ എത്തിയത്. ‘മാമാങ്കം’ സിനിമയുടെ നിർമ്മാതാവ് വേണു കുന്നപ്പള്ളിയും മമ്മൂട്ടിയുടെ വീട്ടിൽ ഉണ്ടായിരുന്നു.

ഈ മാസം ആറിനാണ് മമ്മൂട്ടി സിനിമയിൽ അൻപത് വർഷങ്ങൾ പൂർത്തിയാക്കിയത്. മമ്മൂട്ടി ആദ്യം സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ട ‘അനുഭവങ്ങൾ പാളിച്ചകൾ’ റിലീസ് ചെയ്യപ്പെട്ടത് 1971 ഓഗസ്റ്റ് ആറിനാണ്. സംസ്ഥാന സർക്കാരും മമ്മൂട്ടിയെ ആദരിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ ജനങ്ങളുടെ പണം മുടക്കിയുള്ള വലിയ ആദരവ് തനിക്കു വേണ്ടെന്നും തീരുമാനിച്ച സ്ഥിതിക്ക് വളരെ ലളിതമായ രീതിയിൽ സ്വീകരിക്കാം എന്നുമായിരുന്നു മമ്മൂട്ടി അറിയിച്ചിരുന്നത്.

ന്യൂഡൽഹി: രാജ്യസഭയിലെ മലയാളി എംപിമാർക്കെതിരെ പരാതി. രാജ്യസഭയിലെ ബഹളവുമായി ബന്ധപ്പെട്ട് എളമരം കരീമിനെതിരെ രണ്ട് രാജ്യസഭ മാർഷൽമാർ അദ്ധ്യക്ഷന് പരാതി നൽകി. ബിനോയ് വിശ്വത്തിനെതിരെയും പരാതിയുണ്ട്. എളമരം കരീം മാർഷൽമാരുടെ കഴുത്തിന് പിടിച്ചുവെന്നും എളമരം കരീമും ബിനോയ് വിശ്വവും സെക്രട്ടേറിയറ്റ് ജീവനക്കാരുടെ പേപ്പർ തട്ടിപ്പറിച്ചെന്നും പരാതിയിൽ ആരോപിക്കുന്നു.

ഓഗസ്റ്റ് 9 ന് രാജ്യസഭയിൽ അരങ്ങേറിയ കയ്യേറ്റങ്ങളെ കുറിച്ചുള്ള വിശദമായ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പ്രതിപക്ഷ എംപിമാർ സഭയ്ക്കകത്ത് അതിരുവിട്ട് പെരുമാറിയതിനു കൃത്യമായ സമയപരിധിക്കുള്ളിൽ വിശദീകരണം നൽകണമെന്ന് റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരിക്കുന്നു.

എളമരം കരീം സുരക്ഷാ ജീവനക്കാരുടെ കഴുത്തിനു പിടിച്ച് ഞെരിക്കുകയും അവരെ മർദ്ദിക്കാനുള്ള ശ്രമം നടത്തുകയും ചെയ്തെന്നും റിപ്പോർട്ടിൽ വിശദമാക്കുന്നു. വിവിധ എംപിമാർ സഭാ നടപടികൾ നിരന്തരം തടസ്സപ്പെടുത്തുന്ന തരത്തിലേക്കു നീങ്ങുകയാണെന്നും റിപ്പോർട്ടിൽ ആരോപിക്കുന്നു. ഒരു എംപി പ്രതിഷേധത്തിന്റെ ഭാഗമായി സഭയുടെ നടുത്തളത്തിൽ ഇറങ്ങുകയും പിന്നീട് മേശപ്പുറത്ത് കയറിനിന്ന് ചെയറിനു നേരെ റൂൾ ബുക്ക് എറിയുകയും ചെയ്തു. ഇതിന്റെ വിഡിയോ തൃണമൂൽ എംപിയായ ഡെറിക് ഒബ്രിയാൻ ചിത്രീകരിക്കുകയും അത് ട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

കോൺഗ്രസിന്റെ രണ്ടു എംപിമാർ സുരക്ഷാ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുകയും അവർക്ക് പരിക്കേൽക്കുകയും ചെയ്തു. അതേസമയം ലോകസഭ സ്പീക്കർ ഓം ബിർള രാജ്യസഭ അദ്ധ്യക്ഷൻ വെങ്കയ നായിഡുവുമായി കൂടിക്കാഴ്ച്ച നടത്തി. ഇരുപക്ഷവും നടപടി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് നടപടി. പ്രതിപക്ഷ പ്രതിഷേധം പരിശോധിക്കാൻ എം. വെങ്കയ്യ നായിഡു പ്രത്യേക സമിതി രൂപീകരിക്കും.

തിരുവനന്തപുരം: സംസ്ഥാനത്തെ 15 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിച്ചു. രാവിലെ പത്ത് മണിയോടെയാണ് വോട്ടെണ്ണൽ ആരംഭിച്ചത്. 11 പഞ്ചായത്ത് വാർഡിലും ഒരു ബ്ലോക്ക് പഞ്ചായത്ത് വാർഡിലും മൂന്ന് മുൻസിപ്പാലിറ്റി വാർഡിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. 13 സീറ്റുകളിലെ ഫലം ഇതുവരെ അറിവായപ്പോൾ എൽഡിഎഫ് – 8, യുഡിഎഫ് – അഞ്ച് എന്നതാണ് ലീഡ് നില.

കണ്ണൂർ ആറളം പത്താം വാർഡ് ഉപതിരെഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി യു.കെ.സുധാകരൻ 137 വോട്ടിന് ജയിച്ചു. ഇതോടെ പഞ്ചായത്ത് ഭരണം എൽഡിഎഫ് നിലനിർത്തി. വയനാട് സുൽത്താൻ ബത്തേരി മുൻസിപ്പാലിറ്റിയിലെ പഴേരി വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു.112 വോട്ടിന് സിപിഎമ്മിലെ എസ്.രാധാകൃഷ്ണൻ ഇവിടെ വിജയിച്ചു. ഇതോടെ ബത്തേരി നഗരസഭയിലെ കക്ഷിനില – എൽഡിഎഫ് – 24, യുഡിഎഫ് – 10, സ്വതന്ത്രൻ – 1 എന്ന നിലയിലായി.

കോഴിക്കോട് വളയം ഗ്രാമ പഞ്ചായത്തിലെ കല്ലുനിര വാർഡും എൽ ഡി എഫ് നിലനിർത്തി. എൽഡിഎഫ് സ്ഥാനാർത്ഥി കെ ടി ഷബിന 196 വോട്ടിനാണ് ഇവിടെ ജയിച്ചത്.

മലപ്പുറം നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തിലെ വഴിക്കടവ് ഡിവിഷൻ സി.പി.എമ്മിൽ നിന്ന് യു.ഡി.എഫ് പിടിച്ചെടുത്തു. മുസ്ലീം ലീഗിലെ ഏലക്കാടൻ ബാബു 238 വോട്ടുകൾക്ക് വിജയിച്ചു. മലപ്പുറം ചെറുകാവ് പഞ്ചായത്ത് പത്താം വാർഡ് യു.ഡി.എഫ് നിലനിർത്തി. കോൺഗ്രസിലെ കെ.വി.മുരളീധരൻ 309 വോട്ടുകൾക്ക് വിജയിച്ചു. മലപ്പുറം തലക്കാട് പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ ഉപതെരെഞ്ഞെടുപ്പിൽ ഇടതു മുന്നണി വിജയിച്ചു. സി.പി.എമ്മിലെ കെ.എം.സജ്‌ല 204 വോട്ടുകൾക്കാണ് വിജയിച്ചത്. മലപ്പുറം വണ്ടൂർ ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡ് യു.ഡി.എഫ് നിലനിർത്തി. കോൺഗ്രസിലെ യു. അനിൽകുമാർ 84 വോട്ടിന് വിജയം നേടി.

എറണാകുളം വേങ്ങൂർ ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇടത്പക്ഷം വിജയിച്ചു. ഇടത് സ്ഥാനാർഥി പി.വി. പീറ്റർ 19 വോട്ടുകൾക്കാണ് വിജയം നേടിയത്. കോതമംഗലം വാരപ്പെട്ടി പഞ്ചായത്തിലെ കോഴിപ്പിള്ളി പതിമൂന്നാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി ഷജി ബെസിക്ക് ജയിച്ചു.

കോട്ടയം എലിക്കുളം പഞ്ചായത്തിലെ പതിനാലാം വാർഡിൽ യുഡിഎഫ് വിജയിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥി ജയിംസ് ചാക്കോ ജീരകത്ത് 159 വോട്ടിനാണ് ജയിച്ചത്. ആലപ്പുഴ മുട്ടാർ പഞ്ചായത്ത് അഞ്ചാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് – യുഡിഎഫ് സ്ഥാനാർത്ഥികൾ തുല്യവോട്ട് നേടി സമനില പാലിച്ചു. തുടർന്ന് ഇവിടെ നറുക്കെടുപ്പ് നടത്തി എൽഡിഎഫിലെ ആന്റണിയെ വിജയിയായി പ്രഖ്യാപിച്ചു. പത്തനംതിട്ട കലഞ്ഞൂർ പഞ്ചായത്തിലെ ഇരുപതാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ സിറ്റിംഗ് സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫിലെ അലക്‌സാണ്ടർ ഡാനിയേൽ ആണ് 323 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. തിരുവനന്തപുരം നെടുമങ്ങാട് നഗരസഭയിലെ പതിനാറാംകല്ല് വാർഡ് എൽഡിഎഫ് നിലനിർത്തി. സിപിഎമ്മിലെ വിദ്യാവിജയനാണ് ഇവിടെ വിജയിച്ചത്.

അഹമ്മദാബാദ്: കോവിഡ് വാക്‌സിൻ സ്വീകരിക്കാൻ വിസമ്മതിച്ച വ്യോമസേന ഉദ്യോഗസ്ഥനെ പുറത്താക്കിയെന്ന് കേന്ദ്ര സർക്കാർ. ഗുജറാത്ത് ഹൈക്കോടതിയിലാണ് കേന്ദ്ര സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. വാക്‌സിൻ സ്വീകരിക്കണം എന്ന നടപടി മറികടന്നതിനാണ് നടപടിയെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ ദേവാംഗ് വ്യാസ് കോടതിയെ ബോധിപ്പിച്ചു. ഐഎഎഫ് കോർപറൽ യോഗേന്ദ്ര കുമാർ നൽകിയ ഹർജിയിൽ വിശദീകരണമായാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

രാജ്യത്താകമാനം ഒമ്പത് ഉദ്യോഗസ്ഥർ വാക്‌സിൻ സ്വീകരിക്കാൻ വിസ്സമ്മതിച്ചെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. ഇവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. എന്നാൽ, ഒരാൾ നോട്ടീസ് ലഭിച്ചിട്ടും കൃത്യസമയത്ത് മറുപടി നൽകാത്തതോടെയാണ് പിരിച്ചുവിട്ടതെന്ന് അദ്ദേഹം പറഞ്ഞു.

പിരിച്ചുവിട്ടയാളുടെ വിവരങ്ങൾ കേന്ദ്രം പുറത്തുവിട്ടിട്ടില്ല. എയർഫോഴ്സിൽ വാക്സിൻ നിർബന്ധവും സേവനത്തിന്റെ ഭാഗവുമാണ്. സേന സുസജ്ജമാണെന്ന് ഉറപ്പ് വരുത്തണം. അതുകൊണ്ടുതന്നെ ഉദ്യോഗസ്ഥർക്ക് നിർബന്ധമായും കുത്തിവെപ്പ് നൽകണമെന്നും കേന്ദ്രം വിശദമാക്കി. കോർപറൽ യോഗേന്ദ്ര കുമാറിനും എയർഫോഴ്‌സ് നോട്ടീസ് നൽകിയിരുന്നു. കോവിഡിനെതിരെ വാക്സിൻ സ്വീകരിക്കാൻ താൽപര്യമില്ലെന്നും എന്നാൽ തനിക്കും വാക്സിൻ നിർബന്ധമാക്കിയിരിക്കുകയാണെന്നും ആരോപിച്ചാണ് അദ്ദേഹം കോടതിയെ സമീപിച്ചത്.

വാക്‌സീൻ സ്വീകരിക്കുന്നതു സന്നദ്ധതയുടെ അടിസ്ഥാനത്തിൽ ആയിരിക്കണമെന്നും നിർബന്ധം ആക്കരുതെന്നുമുള്ള കേന്ദ്ര സർക്കാരിന്റെ ഉത്തരവു പാലിക്കാൻ വ്യോമസേനയ്ക്ക് നിർദേശം നൽകണമെന്നും യോഗേന്ദ്ര കുമാർ ഹർജിയിൽ ആവശ്യപ്പെടുന്നു.

കൊച്ചി: കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് തിരിച്ചടി. സീറോ മലബാർ സഭാ ഭൂമിയിടപാട് കേസിലാണ് മാർ ജോർജ് ആലഞ്ചേരിയ്ക്ക് തിരിച്ചടി ഉണ്ടായത്. ആലഞ്ചേരി വിചാരണ നേരിടണമെന്ന ജില്ലാ സെഷൻസ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. കേസുമായി ബന്ധപ്പെട്ട് മാർ ജോർജ് ആലഞ്ചേരി നൽകിയിരുന്ന ആറ് ഹർജികളും ഹൈക്കോടതി തള്ളി.

തൃക്കാക്കര മജിസ്ട്രേട്ട് കോടതിയാണ് ആലഞ്ചേരി ഉൾപ്പെടെയുള്ളവർക്കെതിരെ കേസ് എടുക്കുകയും വിചാരണയ്ക്ക് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സമൻസ് അയക്കുകയും ചെയ്തത്. ഇതിനെതിരെ ആലഞ്ചേരി എറണാകുളം സെഷൻസ് കോടതിയിൽ അപ്പീൽ നൽകിയിരുന്നു. എന്നാൽ ഈ അപ്പീൽ അനുവദിക്കപ്പെട്ടില്ല. ഭൂമി ഇടപാടിൽ പ്രഥമദൃഷ്ട്യാ ക്രമക്കേടുകളുണ്ടെന്നും ആലഞ്ചേരി കേസിൽ ഉൾപ്പെടുന്നുവെന്നും കണ്ടാണ് ഇരു കോടതികളും ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനെതിരെയാണ് മാർ ജോർജ് ആലഞ്ചേരി ഹൈക്കോടതിയെ സമീപിച്ചത്.

ആകെ എട്ടുകേസുകളുണ്ടെങ്കിലും തൃക്കാക്കര കോടതി സമൻസ് നൽകിയിട്ടുള്ളത് ആറു കേസുകളിലാണ്. ഇവ റദ്ദാക്കണമെന്നും വിചാരണ ഒഴിവാക്കണമെന്നുമായിരുന്നു ജോർജ് ആലഞ്ചേരിയുടെ ആവശ്യം.

veena

തിരുവനന്തപുരം: ഡോക്ടർമാർക്കെതിരെ രോഗികളിൽ നിന്നും, രോഗികളുടെ ബന്ധുക്കളിൽ നിന്നും ഉണ്ടാകുന്ന അതിക്രമങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മാത്യു കുഴൽനാടൻ ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലം മറുപടി നൽകുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് ഡോക്ടർമാർക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ച് വരുന്ന സാഹചര്യത്തിലാണ് ആരോഗ്യമന്ത്രി ഇത്തരത്തിലൊരു പരാമർശം നടത്തിയിരിക്കുന്നത്.

നിലവിലെ നിയമങ്ങൾ ഡോക്ടർമാർക്ക് എതിരായ അതിക്രമങ്ങൾ തടയുന്നതിന് പര്യാപ്തമാണ്. പൊതുജനങ്ങൾക്കിടയിൽ ഇതുസംബന്ധിച്ച് ബോധവത്കരണം നടത്താനുള്ള നടപടികൾ സ്വീകരിച്ച് വരികയാണെന്നും വീണാ ജോർജ് വിശദമാക്കി. അതേസമയം സംസ്ഥാനത്ത് ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും എതിരായ അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ഐഎംഎ കഴിഞ്ഞയാഴ്ച സർക്കാരിന് കത്ത് നൽകിയിരുന്നു. ഡോക്ടർമാർക്ക് എതിരായ അതിക്രമങ്ങളിൽ കർശന നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ആരോഗ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഇത്തരമൊരു പ്രതികരണം ഉണ്ടായിരിക്കുന്നത്.

covid

ന്യൂഡൽഹി: കേരളത്തിൽ പുതിയ കോവിഡ് വകഭേദങ്ങൾ സ്ഥിരീകരിച്ചിട്ടില്ല. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇതുസംബന്ധിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നതിൽ 88 മുതൽ 90 ശതമാനം കേസുകളും ഡെൽറ്റയാണെങ്കിലും പുതിയ ജനിതക വകഭേദങ്ങളൊന്നും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതേസമയം രാജ്യത്ത് സ്ഥിരീകരിക്കുന്ന പ്രതിദിന കോവിഡ് കേസുകളിൽ പകുതിയിലധികവും റിപ്പോർട്ട് ചെയ്യുന്നത് കേരളത്തിൽ നിന്നാണ്. കേരളത്തിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താനായി കേന്ദ്ര സർക്കാർ വിദഗ്ധ സംഘത്തെ കേരളത്തിലേക്ക് അയച്ചിരുന്നു. സംസ്ഥാനത്ത് കോവിഡ് രൂക്ഷമായ ജില്ലകൾ സന്ദർശിച്ച സംഘം കേന്ദ്രത്തിന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു.

കണ്ടെയ്ൻമെന്റ് സോണുകളിൽ നിയന്ത്രണങ്ങൾ പിന്തുടരുന്നതിലെ അലസതയും രോഗബാധിതരുടെ എണ്ണം വർധിക്കുന്നതിന് കാരണമായതെന്നാണ് കേന്ദ്ര സംഘത്തിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. പ്രായമേറിയവരുടെ എണ്ണം കേരളത്തിൽ കൂടുതലാണെന്ന കാര്യവും ചൂണ്ടിക്കാട്ടിയിരുന്നു.

തിരുവനന്തപുരം: സ്വാതന്ത്ര്യദിനം ആഘോഷിക്കാനുള്ള സിപിഎമ്മിന്റെ തീരുമാനത്തെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. ആദ്യമായി ദേശീയ പതാക കൈകൊണ്ട് തൊടാൻ പോകുന്ന പാർട്ടിക്കാരോട് ഒരു കാര്യം മാത്രമേ തനിക്ക് പറയാനുള്ളൂവെന്നും, പതാക ഉയർത്തുമ്പോൾ കുങ്കുമ നിറം മുകളിലും, പച്ച നിറം താഴെയുമായിരിക്കണമെന്നാണ് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ശീലം ഇല്ലാത്തതല്ലേ. അതുകൊണ്ട് ഓർമ്മിപ്പിച്ചെന്നു മാത്രമെന്നും അദ്ദേഹം പരിഹസിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

ജീവിതത്തിൽ ആദ്യമായി ദേശീയ പതാക കൈകൊണ്ട് തൊടാൻ പോകുന്ന പാർട്ടിക്കാരോട് ഒന്നേ പറയാനുള്ളൂ…

പതാക ഉയർത്തുമ്പോൾ കുങ്കുമനിറം മുകളിലും പച്ചനിറം താഴെയും ആയിരിക്കണം. ശീലം ഇല്ലാത്തതല്ലേ. അതുകൊണ്ട് ഓർമ്മിപ്പിച്ചെന്നു മാത്രം. അപ്പൊ ശരി. നടക്കട്ടെ.

വാഷിങ്ടൺ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിന്റെ നിയന്ത്രണം 90 ദിവസത്തിനകം താലിബാൻ പിടിച്ചെടുക്കുമെന്ന് അമേരിക്ക. അഫ്ഗാനിസ്ഥാനിലെ എട്ട് പ്രവിശ്യാ തലസ്ഥാനങ്ങളുടെ നിയന്ത്രണം അടുത്ത ആറ് ദിവസത്തിനുള്ളിൽ താലിബാൻ പിടിച്ചെടുക്കുമെന്നും യുഎസ് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകുന്നു. വാർത്താ ഏജൻസി റോയിട്ടേഴസ് ആണ് യുഎസ് രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

യുഎസ് സൈന്യം പിന്മാറാൻ തുടങ്ങിയതോടെ താലിബാൻ അഫ്ഗാനിസ്താനിൽ തങ്ങളുടെ സ്വാധീനം വർധിപ്പിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് രഹസ്യാന്വേഷണ ഏജൻസിയുടെ വെളിപ്പെടുത്തൽ. പല മേഖലകളുടെയും നിയന്ത്രണം ഇതിനോടകം തന്നെ താലിബാന്റെ നിയന്ത്രണത്തിലായി കഴിഞ്ഞു.

ആറ് മാസങ്ങൾക്കൊണ്ട് അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാൻ പിടിച്ചെടുക്കുമെന്നായിരുന്നു യുഎസ് രഹസ്യാന്വേഷണ വിഭാഗം നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ അഫ്ഗാനിൽ താലിബാൻ നടത്തിയ പുതിയ മുന്നേറ്റങ്ങളുടെ പശ്ചാത്തലത്തിലാണ് മൂന്നു മാസങ്ങൾക്കകം കാബൂൾ പിടിച്ചടക്കുമെന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകുന്നത്.

അഫ്ഗാൻ സൈന്യത്തിന്റെ പ്രതിരോധം എത്രമാത്രം ശക്തമായിരിക്കും എന്നതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും താലിബാൻ കാബൂൾ പിടിച്ചടക്കുന്നതെന്നും അമേരിക്ക അറിയിച്ചു.

തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർക്കെതിരായ ജുഡീഷ്യൽ അന്വേഷണം സ്റ്റേ ചെയ്ത ഹൈക്കോടതി നടപടി പിണറായി സർക്കാരിന്റെ മുഖത്തേറ്റ വലിയ പ്രഹരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. േകാടതി വിധി സർക്കാരിന് വലിയ തിരിച്ചടിയാണെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അധികാര ദുർവിനിിയോഗവും അമിതാധികാര പ്രയോഗവുമാണ് പിണറായി വിജയൻ നടത്തിയത്. രാജ്യത്ത് കേട്ടുകേൾവിയില്ലാത്ത തരത്തിലാണ് സർക്കാർ കേന്ദ്ര ഏജൻസിക്കെതിരെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത്. സർക്കാരിന്റെ ബാലിശമായ നീക്കത്തിനാണ് കോടതിയിൽ നിന്നും തിരിച്ചടിയേറ്റത്. ഡോളർ കടത്തിന്റേയും സ്വർണ്ണക്കടത്തിന്റെയും സൂത്രധാരൻ മുഖ്യമന്ത്രിയായതു കൊണ്ടാണ് ഭരണഘടനാവിരുദ്ധമായ കാര്യം അദ്ദേഹം നടത്തിയതെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു.

മടിയിൽ കനമുളളത് കൊണ്ടാണ് മുഖ്യമന്ത്രി അന്വേഷണത്തെ ഭയക്കുന്നത്. ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ ചട്ടുകമാവാതെ അന്വേഷണത്തിൽ നിന്നും ജുഡീഷ്യൽ കമ്മിഷൻ സ്വമേധയാ പിന്മാറണം. പിണറായി വിജയനും സർക്കാരും പല താത്പര്യങ്ങളും സംരക്ഷിക്കാനുണ്ടെന്ന് അദ്ദേഹം തിരിച്ചറിയണം. ഡോളർക്കടത്ത് കേസിലെ പ്രതി അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴി ഞെട്ടിക്കുന്നതാണ്. വിദേശ യാത്രയ്ക്കിടെ മുഖ്യമന്ത്രി ഡോളർ കടത്തിയെന്ന മൊഴി ഗൗരവതരമാണ്. ഇതിന് തടയിടാനാണ് മുഖ്യമന്ത്രി കേന്ദ്ര ഏജൻസികൾക്കെതിരെ ഒരു മുഴം മുമ്പേ എറിഞ്ഞത്. ഇതാണ് ഹൈക്കോടതി തടഞ്ഞിരിക്കുന്നതെന്ന് അദ്ദേഹം വിശദമാക്കി.

തിരുവനന്തപുരം അന്താരാഷ്ട്ര സ്വർണ്ണക്കടത്തുകാരും കരിപ്പൂർ സ്വർണ്ണക്കടത്തുകാരുമായി ബന്ധമുണ്ട്. രണ്ട് സംഘത്തിനും സിപിഎമ്മിന്റെ ഉന്നത നേതാക്കാളുമായി അടുത്ത ബന്ധമാണുള്ളത്. പാക്കിസ്ഥാൻ നിയന്ത്രിക്കുന്ന സമാന്തര ടെലിഫോൺ എക്‌സേഞ്ചുകളാണ് ഇവർ ഉപയോഗിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുസ്ലിംലീഗിന്റെ അഴിമതി ഇപ്പോൾ പുറത്തുവന്ന കാര്യങ്ങളിൽ മാത്രം ഒതുങ്ങില്ല. പാലാരിവട്ടം പാലത്തിന്റെ അഴിമതി പണമായ 10 കോടി ചന്ദ്രിക പത്രം വഴി വെളുപ്പിച്ച കേസാണ് ഇപ്പോൾ പുറത്ത് വന്നത്. മലപ്പുറത്തെ സിപിഎം നേതാവ് ചെയർമാനായ സഹകരണ ബാങ്കിൽ കുഞ്ഞാലിക്കുട്ടിയുടെ മകന് ഏഴുകോടിയുടെ നിക്ഷേപമുണ്ട്. പാണക്കാട്ട് തങ്ങൾക്ക് ഇഡി അയച്ച നോട്ടീസും തങ്ങളുടെ മകൻ കുഞ്ഞാലിക്കുട്ടിയുമായി നടത്തിയ ശബ്ദരേഖയും ജലീലിന്റെ കൈയ്യിലുണ്ട്. ലീഗിലെ ഏത് വിഭാഗം ആദ്യം ഇടതുമുന്നണിയിൽ പോകുമെന്നേ ഇനി അറിയാനുള്ളൂവെന്നും മുസ്ലിംലീഗിന് ഇനി വലിയ ഭാവിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.