തിരുവനന്തപുരം: ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഹോക്കീ ടീമിലെ മലയാളിയായ ശ്രീജേഷിന് സംസ്ഥാന സർക്കാർ അർഹമായ പാരിതോഷികം പ്രഖ്യാപിക്കാത്തതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു. ഒളിംപിക്‌സ് താരങ്ങൾക്കായി മറ്റ് സംസ്ഥാനങ്ങൾ പാരിതോഷികങ്ങൾ പ്രഖ്യാപിക്കുമ്പോഴാണ് കേരളത്തിന്റെ ഭാഗത്ത് നിന്നും ഇത്തരമൊരു ഉപേക്ഷ ഉണ്ടാകുന്നത്. സർക്കാർ ടോക്കിയോയിൽ നിന്നും നാട്ടിലെത്തിയ ശ്രീജേഷിനെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയ കായിക മന്ത്രി സർക്കാർ പാരിതോഷികം പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതുവരെ സർക്കാരിന്റെ ഭാഗത്ത് നിന്നും നടപടികളൊന്നും ഉണ്ടായിട്ടില്ല.
ഏറ്റവും കൂടുതൽ ഒളിംപിക്സ് മെഡലിസ്റ്റുകൾ ഉള്ള ഹരിയാന പാരിതോഷിക ഇനത്തിൽ മാത്രം പ്രഖ്യാപിച്ചത് 17.5 കോടി രൂപയാണ്. ഒളിംപിക്‌സിൽ സ്വർണ്ണ മെഡൽ നേടി രാജ്യത്തിന് അഭിമാനമായ മാറിയ നീരജ് ചോപ്രയ്ക്ക് ഹരിയാന സർക്കാർ ആറു കോടി രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചത്. പഞ്ചാബ് സർക്കാർ നീരജിന് രണ്ടു കോടി രൂപയും മണിപ്പൂർ സർക്കാർ ഒരു കോടി രൂപയും ബൈജൂസ് ആപ്പ് 2 കോടി രൂപയും എലാൻ ഗ്രൂപ്പ് 25 ലക്ഷം രൂപയും ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ 75 ലക്ഷം രൂപയും ബിസിസിഐ ഒരു കോടി രൂപയും സൂപ്പർ കിംഗ്‌സ് ഒരു കോടി രൂപയും പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
ഭാരോദ്വാഹനത്തിൽ വെള്ളി മെഡൽ നേടി മീരാബായി ചാനുവിന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് 2 കോടി രൂപയും മണിപ്പൂർ സർക്കാർ ഒരു കോടി രൂപയും ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ 40 ലക്ഷം രൂപയും ബിസിസിഐ 50 ലക്ഷം രൂപയും ബൈജൂസ് ആപ്പ് 1 കോടി രൂപയുമാണ് പാരിതോഷികമായി പ്രഖ്യാപിച്ചിരിക്കുന്നത്.
ഗുസ്തിയിൽ വെള്ളി മെഡൽ നേടിയ രവി ദാഹിയയ്ക്ക് ഹരിയാന സർക്കാർ 4 കോടി രൂപയും ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ 40 ലക്ഷം രൂപയും ബിസിസിഐ 50 ലക്ഷം രൂപയും ബൈജൂസ് ആപ്പ് ഒരു കോടി രൂപയും സമ്മാനം പ്രഖ്യാപിച്ചു.
ബാഡ്മിന്റണിൽ വെങ്കലം നേടിയ പി വി സിന്ധുവിന് ആന്ധ്രാപ്രദേശ് 30 ലക്ഷം രൂപയും ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ 25 ലക്ഷം രൂപയും ബിസിസിഐ 25 ലക്ഷം രൂപയും ബൈജൂസ് ആപ്പ് 1 കോടി രൂപയും പാരിതോഷികം പ്രഖ്യാപിച്ചു.
ബോക്സിംഗിൽ വെങ്കലം നേടിയ ലവ്‌ലിന ബൊർഗോഹയിന് ആസ്സാം സ്പോർട്സ് പോളിസി പ്രകാരം 50 ലക്ഷം രൂപയും ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ 25 ലക്ഷം രൂപയും ബിസിസിഐ 25 ലക്ഷം രൂപയും ബൈജൂസ് ആപ്പ് – 1 കോടി രൂപയും ആസാം കോൺഗ്രസ്സ് 3 ലക്ഷം രൂപയുമാണ് പാരിതോഷികമായി പ്രഖ്യാപിച്ചത്.
ഗുസ്തിയിൽ വെങ്കലം നേടിയ ബജ്റംഗ് പുനിയയ്ക്ക് ഹരിയാന സർക്കാർ 2.5 കോടി രൂപയും ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ 25 ലക്ഷം രൂപയും ബിസിസി 25 ലക്ഷം രൂപയും ബൈജൂസ് ആപ്പ് 1 കോടി രൂപയും പാരിതോഷികമായി പ്രഖ്യാപിച്ചു.
ഒളിംപിക്‌സിൽ വെങ്കലം നേടിയ ഇന്ത്യൻ പുരുഷ ഹോക്കി ടീമിൽ ഹരിയാനയിൽ നിന്നുള്ള ടീമംഗങ്ങളായ സുരേന്ദർ കുമാറിനും സുമിത്തിനും 2.5 കോടി രൂപ വീതം ഹരിയാന സർക്കാർ സമ്മാനത്തുക പ്രഖ്യാപിച്ചു.
പഞ്ചാബിൽ നിന്നുള്ള 8 ടീമംഗങ്ങൾക്ക് ഓരോ കോടി രൂപ വീതം പഞ്ചാബ് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ ഹോക്കി ടീം അംഗങ്ങൾക്ക് 25 ലക്ഷം രൂപയും ബിസിസിഐ ടീമിന് 1.25 കോടി രൂപയും ബൈജൂസ് ആപ്പ് – 1 കോടി രൂപയും പ്രഖ്യാപിച്ചു. വി.പി.എസ്. ഹെൽത്ത് കെയർ – ശ്രീജേഷിന് 1 കോടി രൂപ സമ്മാനമായി നൽകും.

