പാലക്കാട്: പാൽവില കൂട്ടുന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന് മിൽമ ചെയർമാൻ കെ.എസ്.മണി. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്നുണ്ടായ പ്രതിസന്ധി മറികടന്ന് ക്ഷീരകർഷകരെ സഹായിക്കാനുള്ള പദ്ധതികൾക്കു രൂപം നൽകിയെന്ന് അദ്ദേഹം അറിയിച്ചു.
അതിർത്തി കടന്ന് ഗുണനിലവാരമില്ലാത്ത പാലെത്തുന്നത് തടയാൻ ചെക്‌പോസ്റ്റുകളിൽ ആരോഗ്യവകുപ്പും ക്ഷീരവികസന വകുപ്പും സംയുക്ത പരിശോധനയ്ക്ക് ആലോചിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ചെക്‌പോസ്റ്റുകളിൽ പരിശോധനയ്ക്കു പിന്നാലെ കൃത്യമായ നടപടിയുണ്ടായാൽ ഗുണനിലവാരമില്ലാത്ത പാൽവരവ് കുറയും. മലപ്പുറം മൂർക്കനാട്ടെ പാൽപ്പൊടി നിർമാണ യൂണിറ്റ് പൂർത്തിയാകുന്നതോടെ ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്നതു പരമാവധി കുറയ്ക്കാൻ കഴിയുമെന്നും അദ്ദേഹം വിശദമാക്കി.
3 മിൽമ മേഖലാ യൂണിയനുകളുടെ കീഴിലും പരമാവധി പാൽ സംഭരിക്കാനുള്ള ഇടപെടലാണുള്ളതെന്ന് അദ്ദേഹം അറിയിച്ചു. പാൽ ഉത്പാദനത്തിലെ വർധന മികച്ച സൂചനയാണ്. കർഷകരെ സഹായിക്കുന്ന നടപടികൾക്കു മാത്രമാണു മുൻഗണന. മഹാമാരി കാലത്ത് പ്രവാസികളുൾപ്പെടെ പശുവളർത്തലിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചുവെന്നും കോവിഡ് കാലത്ത് സംഭരിച്ച അധിക പാൽ പാൽപ്പൊടിയാക്കി സൂക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാൽ ഇതര ഉൽപന്നങ്ങളും വിപണിയിലെത്തിച്ച് കർഷകർക്ക് കൈത്താങ്ങാകുന്ന പദ്ധതികൾക്ക് മിൽമ രൂപം നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

