ഷിംല: ഹിമാചൽ പ്രദേശിലെ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 13 ആയി. മുപ്പതോളം പേർ ഇനിയും മണ്ണിനടിയിൽ കുടുങ്ങി കിടക്കുകയാണെന്നാണ് റിപ്പോർട്ട്. പത്ത് പേരെ മണ്ണിനടിയിൽ നിന്നും രക്ഷപ്പെടുത്തി. ഹിമാചൽ പ്രദേശിലെ കിനൗറിൽ ഹൈവേയിലേക്ക് മണ്ണിടിഞ്ഞു വീണാണ് അപകടം ഉണ്ടായത്.
ഉച്ചയ്ക്ക് 12.45 ഓടെയാണ് റെക്കോങ് പിയോ-ഷിംല ഹൈവേയിൽ മണ്ണിടിച്ചിലുണ്ടായത്. സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ബസ്, ഒരു ട്രക്ക് എന്നിവയുൾപ്പെടെ നിരവധി വാഹനങ്ങൾ മണ്ണിനടിയിൽ അകപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഐടിബിപിയും ദേശീയ ദുരന്ത നിവാരണ സേനയും പോലീസും സംയുക്തമായാണ് പ്രദേശത്ത് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. അപകടത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മണ്ണിടിച്ചിൽ കാരണം ദേശീയ പാതയിലെ ഗതാഗതം തടസപ്പെട്ടു. മേഖല ഇപ്പോഴും അപകടാവസ്ഥയിലാണെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും മേഖലയിലെ സ്ഥിതിഗതികൾ വിലയിരുത്തി. ഹിമാചൽപ്രദേശ് മുഖ്യമന്ത്രി ജയ്‌റാം താക്കൂറുമായി ഫോണിൽ ബന്ധപ്പെട്ടാണ് ഇരുവരും സ്ഥിതിഗതികൾ അവലോകനം ചെയ്തത്. രക്ഷാപ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും പ്രധാനമന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്.

