തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ്: എൽഡിഎഫ് എട്ടു സീറ്റും യുഡിഎഫ് അഞ്ചു സീറ്റും നേടി

തിരുവനന്തപുരം: സംസ്ഥാനത്തെ 15 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിച്ചു. രാവിലെ പത്ത് മണിയോടെയാണ് വോട്ടെണ്ണൽ ആരംഭിച്ചത്. 11 പഞ്ചായത്ത് വാർഡിലും ഒരു ബ്ലോക്ക് പഞ്ചായത്ത് വാർഡിലും മൂന്ന് മുൻസിപ്പാലിറ്റി വാർഡിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. 13 സീറ്റുകളിലെ ഫലം ഇതുവരെ അറിവായപ്പോൾ എൽഡിഎഫ് – 8, യുഡിഎഫ് – അഞ്ച് എന്നതാണ് ലീഡ് നില.

കണ്ണൂർ ആറളം പത്താം വാർഡ് ഉപതിരെഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി യു.കെ.സുധാകരൻ 137 വോട്ടിന് ജയിച്ചു. ഇതോടെ പഞ്ചായത്ത് ഭരണം എൽഡിഎഫ് നിലനിർത്തി. വയനാട് സുൽത്താൻ ബത്തേരി മുൻസിപ്പാലിറ്റിയിലെ പഴേരി വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു.112 വോട്ടിന് സിപിഎമ്മിലെ എസ്.രാധാകൃഷ്ണൻ ഇവിടെ വിജയിച്ചു. ഇതോടെ ബത്തേരി നഗരസഭയിലെ കക്ഷിനില – എൽഡിഎഫ് – 24, യുഡിഎഫ് – 10, സ്വതന്ത്രൻ – 1 എന്ന നിലയിലായി.

കോഴിക്കോട് വളയം ഗ്രാമ പഞ്ചായത്തിലെ കല്ലുനിര വാർഡും എൽ ഡി എഫ് നിലനിർത്തി. എൽഡിഎഫ് സ്ഥാനാർത്ഥി കെ ടി ഷബിന 196 വോട്ടിനാണ് ഇവിടെ ജയിച്ചത്.

മലപ്പുറം നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തിലെ വഴിക്കടവ് ഡിവിഷൻ സി.പി.എമ്മിൽ നിന്ന് യു.ഡി.എഫ് പിടിച്ചെടുത്തു. മുസ്ലീം ലീഗിലെ ഏലക്കാടൻ ബാബു 238 വോട്ടുകൾക്ക് വിജയിച്ചു. മലപ്പുറം ചെറുകാവ് പഞ്ചായത്ത് പത്താം വാർഡ് യു.ഡി.എഫ് നിലനിർത്തി. കോൺഗ്രസിലെ കെ.വി.മുരളീധരൻ 309 വോട്ടുകൾക്ക് വിജയിച്ചു. മലപ്പുറം തലക്കാട് പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ ഉപതെരെഞ്ഞെടുപ്പിൽ ഇടതു മുന്നണി വിജയിച്ചു. സി.പി.എമ്മിലെ കെ.എം.സജ്‌ല 204 വോട്ടുകൾക്കാണ് വിജയിച്ചത്. മലപ്പുറം വണ്ടൂർ ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡ് യു.ഡി.എഫ് നിലനിർത്തി. കോൺഗ്രസിലെ യു. അനിൽകുമാർ 84 വോട്ടിന് വിജയം നേടി.

എറണാകുളം വേങ്ങൂർ ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇടത്പക്ഷം വിജയിച്ചു. ഇടത് സ്ഥാനാർഥി പി.വി. പീറ്റർ 19 വോട്ടുകൾക്കാണ് വിജയം നേടിയത്. കോതമംഗലം വാരപ്പെട്ടി പഞ്ചായത്തിലെ കോഴിപ്പിള്ളി പതിമൂന്നാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി ഷജി ബെസിക്ക് ജയിച്ചു.

കോട്ടയം എലിക്കുളം പഞ്ചായത്തിലെ പതിനാലാം വാർഡിൽ യുഡിഎഫ് വിജയിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥി ജയിംസ് ചാക്കോ ജീരകത്ത് 159 വോട്ടിനാണ് ജയിച്ചത്. ആലപ്പുഴ മുട്ടാർ പഞ്ചായത്ത് അഞ്ചാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് – യുഡിഎഫ് സ്ഥാനാർത്ഥികൾ തുല്യവോട്ട് നേടി സമനില പാലിച്ചു. തുടർന്ന് ഇവിടെ നറുക്കെടുപ്പ് നടത്തി എൽഡിഎഫിലെ ആന്റണിയെ വിജയിയായി പ്രഖ്യാപിച്ചു. പത്തനംതിട്ട കലഞ്ഞൂർ പഞ്ചായത്തിലെ ഇരുപതാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ സിറ്റിംഗ് സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫിലെ അലക്‌സാണ്ടർ ഡാനിയേൽ ആണ് 323 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. തിരുവനന്തപുരം നെടുമങ്ങാട് നഗരസഭയിലെ പതിനാറാംകല്ല് വാർഡ് എൽഡിഎഫ് നിലനിർത്തി. സിപിഎമ്മിലെ വിദ്യാവിജയനാണ് ഇവിടെ വിജയിച്ചത്.