അഹമ്മദാബാദ്: കോവിഡ് വാക്‌സിൻ സ്വീകരിക്കാൻ വിസമ്മതിച്ച വ്യോമസേന ഉദ്യോഗസ്ഥനെ പുറത്താക്കിയെന്ന് കേന്ദ്ര സർക്കാർ. ഗുജറാത്ത് ഹൈക്കോടതിയിലാണ് കേന്ദ്ര സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. വാക്‌സിൻ സ്വീകരിക്കണം എന്ന നടപടി മറികടന്നതിനാണ് നടപടിയെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ ദേവാംഗ് വ്യാസ് കോടതിയെ ബോധിപ്പിച്ചു. ഐഎഎഫ് കോർപറൽ യോഗേന്ദ്ര കുമാർ നൽകിയ ഹർജിയിൽ വിശദീകരണമായാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
രാജ്യത്താകമാനം ഒമ്പത് ഉദ്യോഗസ്ഥർ വാക്‌സിൻ സ്വീകരിക്കാൻ വിസ്സമ്മതിച്ചെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. ഇവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. എന്നാൽ, ഒരാൾ നോട്ടീസ് ലഭിച്ചിട്ടും കൃത്യസമയത്ത് മറുപടി നൽകാത്തതോടെയാണ് പിരിച്ചുവിട്ടതെന്ന് അദ്ദേഹം പറഞ്ഞു.
പിരിച്ചുവിട്ടയാളുടെ വിവരങ്ങൾ കേന്ദ്രം പുറത്തുവിട്ടിട്ടില്ല. എയർഫോഴ്സിൽ വാക്സിൻ നിർബന്ധവും സേവനത്തിന്റെ ഭാഗവുമാണ്. സേന സുസജ്ജമാണെന്ന് ഉറപ്പ് വരുത്തണം. അതുകൊണ്ടുതന്നെ ഉദ്യോഗസ്ഥർക്ക് നിർബന്ധമായും കുത്തിവെപ്പ് നൽകണമെന്നും കേന്ദ്രം വിശദമാക്കി. കോർപറൽ യോഗേന്ദ്ര കുമാറിനും എയർഫോഴ്‌സ് നോട്ടീസ് നൽകിയിരുന്നു. കോവിഡിനെതിരെ വാക്സിൻ സ്വീകരിക്കാൻ താൽപര്യമില്ലെന്നും എന്നാൽ തനിക്കും വാക്സിൻ നിർബന്ധമാക്കിയിരിക്കുകയാണെന്നും ആരോപിച്ചാണ് അദ്ദേഹം കോടതിയെ സമീപിച്ചത്.
വാക്‌സീൻ സ്വീകരിക്കുന്നതു സന്നദ്ധതയുടെ അടിസ്ഥാനത്തിൽ ആയിരിക്കണമെന്നും നിർബന്ധം ആക്കരുതെന്നുമുള്ള കേന്ദ്ര സർക്കാരിന്റെ ഉത്തരവു പാലിക്കാൻ വ്യോമസേനയ്ക്ക് നിർദേശം നൽകണമെന്നും യോഗേന്ദ്ര കുമാർ ഹർജിയിൽ ആവശ്യപ്പെടുന്നു.
