ന്യൂഡൽഹി: രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് 11 പൊലീസ് ഉദ്യോഗസ്ഥരാണ് ഇക്കൊല്ലത്തെ പോലീസ് മെഡലിന് അർഹരായത്. വിശിഷ്ട സേവനത്തിനുള്ള ഒരു മെഡലും സ്തുത്യർഹ സേവനത്തിനുള്ള 10 മെഡലുകളുമാണ് കേരളത്തിൽ നിന്നുള്ള ഉദ്യോഗസ്ഥർ നേടിയത്.
എ.ഡി.ജി.പി യോഗേഷ് ഗുപ്ത വിശിഷ്ടസേവനത്തിനുളള രാഷ്ട്രപതിയുടെ പോലീസ് മെഡൽ നേടി. ഐ.ജി ജി.സ്പർജൻ കുമാർ, എസ്.പിമാരായ ബി.കൃഷ്ണകുമാർ, ടോമി സെബാസ്റ്റ്യൻ (റിട്ട.), ഡിവൈ.എസ്.പിമാരായ അശോകൻ.എ, (റിട്ട.), അരുൺ കുമാർ.എസ്, ഇൻസ്പെക്ടർ സജി കുമാർ.ബി, ആംഡ് പോലീസ് സബ് ഇൻസ്പെക്ടർ കിഴക്കേ വീട്ടിൽ ഗണേഷൻ, സബ് ഇൻസ്പെക്ടർ സിന്ധു പി.വി, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ സന്തോഷ് കുമാർ സദാശിവൻ, സതീശൻ. എം എന്നിവർക്കാണ് സ്തുത്യർഹസേവനത്തിനുളള രാഷ്ട്രപതിയുടെ പോലീസ് മെഡൽ ലഭിച്ചത്.
നിലവിൽ ബിവറേജസ് കോർപ്പറേഷൻ ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടറാണ് യോഗേഷ് ഗുപ്ത. ഏഴുവർഷത്തോളം ഡൽഹിയിലും കൊൽക്കത്തയിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ എസ്.പിയായും സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം, റോഡ് സേഫ്റ്റി ട്രാഫിക്ക്, ഇന്റലിജൻസ്, അഡ്മിനിസ്ട്രേഷൻ എന്നിവിടങ്ങളിൽ ഐ.ജിയായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടിട്ടുണ്ട്. സപ്ലൈകോ, കേരളാ ഫിനാൻഷ്യൽ കോർപ്പറേഷൻ എന്നിവിടങ്ങളിൽ സി.എം.ഡി ആയിരുന്നു. സി.ബി.ഐയിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു.
ക്രൈംബ്രാഞ്ച് തിരുവനന്തപുരം റെയ്ഞ്ച് ഐ.ജിയാണ് ജി.സ്പർജൻ കുമാർ. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ട്രാഫിക്ക് സൗത്ത് സോൺ വിഭാഗം എസ്.പിയായ ബി.കൃഷ്ണകുമാർ ക്രൈംബ്രാഞ്ചിൽ സേവനം അനുഷ്ഠിക്കുകയും പോലീസ് ആസ്ഥാനത്തെ സ്പെഷ്യൽ സെൽ എസ്.പിയുടെ അധികച്ചുമതല വഹിക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളിൽ ഡിവൈ.എസ്.പിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
എറണാകുളം ക്രൈംബ്രാഞ്ച് എസ്.പിയായി വിരമിച്ച ടോമി സെബാസ്റ്റ്യൻ ട്രാഫിക്ക് സൗത്ത് സോൺ എസ്.പി, സിവിൽ സപ്ലൈസ് കോർപ്പറേഷൻ വിജിലൻസ് ഓഫീസർ എന്നീ നിലകളിലും പ്രവർത്തിച്ചു. 2000 ൽ അദ്ദേഹത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ലഭിച്ചിരുന്നു. കൊല്ലം ഡിവൈ.എസ്.പിയായി വിരമിച്ച അശോകൻ. എ വിജിലൻസ്, കൊട്ടാരക്കര, ജില്ലാ ക്രൈംബ്രാഞ്ച് എന്നിവിടങ്ങളിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്. 2016 ലും 2021 ലും അദ്ദേഹം മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായി. പോലീസ് ട്രെയിനിംഗ് കോളേജ് വൈസ് പ്രിൻസിപ്പലാണ് ഡിവൈഎസ്പി അരുൺ കുമാർ. ഇക്കൊല്ലത്തെ മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. വിജിലൻസ്, ക്രൈംബ്രാഞ്ച്, പോലീസ് ആസ്ഥാനം എന്നിവിടങ്ങളിൽ അദ്ദേഹം ജോലി ചെയ്തിരുന്നു.
തിരുവനന്തപുരം വിജിലൻസ് സ്പെഷ്യൽ സെല്ലിൽ ജോലി ചയ്യെുകയാണ് സജി കുമാർ ബി. 2012 ൽ മുഖ്യമന്ത്രിയുടെ പോലീസ് അദ്ദേഹത്തിന് മെഡൽ ലഭിച്ചിരുന്നു. കണ്ണൂർ ആസ്ഥാനമായുളള കേരളാ ആംഡ് പോലീസ് നാലാം ബറ്റാലിയനിലെ ആംഡ് പോലീസ് സബ് ഇൻസ്പെക്ടറാണ് ഗണേശൻ. 2017 ൽ മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അദ്ദേഹം അർഹനായിട്ടുണ്ട്. തൃശ്ശൂർ സിറ്റി വനിതാ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറാണ് സിന്ധു പി വി. 2017 ൽ സിന്ധു മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടി. വിജിലൻസ് തിരുവനന്തപുരം മരുതംകുഴി യൂണിറ്റിൽ ജോലി ചെയ്യുകയാണ് സന്തോഷ് കുമാർ എസ്. 2009 ൽ മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ അദ്ദേഹത്തിന് ലഭിച്ചിരുന്നു. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറായ സതീശൻ എം തൃശ്ശൂർ റൂറലിലെ കൊരട്ടി പെലീസ് സ്റ്റേഷനിൽ ആണ്. 2013 ൽ മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ അദ്ദേഹം നേടിയിട്ടുണ്ട്.

