ത്രിവർണ പതാകയുടെ നിറത്തിൽ തിളങ്ങി ജമ്മുകശ്മീരിലെ അണക്കെട്ടുകള്‍ ; വൈറലായി ചിത്രങ്ങൾ

ശ്രീനഗർ: ത്രിവർണ പതാകയുടെ നിറത്തിൽ തിളങ്ങി ജമ്മുകശ്മീരിലെ ബാഗ്ലിഹാർ അണക്കെട്ട്. ത്രിവർണ പതാകയുടെ നിറത്തിൽ പ്രകാശിച്ച് നിൽക്കുന്ന അണക്കെട്ടിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്. ജമ്മുകശ്മീരിലെ റംമ്പാൻ മേഖലയിൽ ചിനാബ് നദിക്ക് കുറുകെയുള്ള ജലവൈദ്യുത പദ്ധതിയാണ് ബാഗ്ലിഹാർ അണക്കെട്ട്.

ഇതാദ്യമായാണ് ബാഗ്ലിഹാർ അണക്കെട്ട് ത്രിവർണ്ണപ്പതാകയുടെ നിറത്തിൽ പ്രകാശിപ്പിക്കുന്നത്. ജമ്മു കശ്മീരിലെ നിരവധി സ്ഥലങ്ങൾ ഇത്തവണ ത്രിവർണ പതാകയുടെ നിറങ്ങളിൽ അലങ്കരിച്ചിരുന്നു. ശ്രീനഗറിലെ ലാൽ ചൗക്ക് ക്ലോക്ക് ടവർ, ബാഹു കോട്ട, ജമ്മു റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങൾ ത്രിവർണ്ണ നിറങ്ങളാൽ പ്രകാശിച്ചിരുന്നു. ഇവയുടെ ചിത്രങ്ങളെല്ലാം സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.

കശ്മീരിലെ ഊർജ്ജ വികസന കോർപ്പറേഷൻ 1992 ലാണ് ബാഗ്ലിഹാർ വൈദ്യുതി പ്ലാന്റ് വിഭാവനം ചെയ്യുന്നത്. 1996 ൽ പദ്ധതി അംഗീകരിക്കുകയും 1999 ൽ അണക്കെട്ടിന്റെ നിർമ്മാണം ആരംഭിക്കുകയും ചെയ്തു. എന്നാൽ നിർമ്മാണ പ്രവർത്തനങ്ങൾ പാതിവഴിയിലായ പ്ലാന്റിന്റെ രണ്ടാം ഘട്ട നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റ ശേഷമാണ്. 100 കോടി ഡോളർ ചെലവിട്ടാണ് പ്ലാന്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്.