രാജ്യത്തിന് വേണ്ടി പോരാടിയവരെ മറക്കാനാകില്ല; സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടാകണമെന്ന് രാഷ്ട്രപതി

ന്യൂഡൽഹി: സ്വാതന്ത്ര്യ ദിനാഘോഷത്തിൽ രാജ്യത്തിന് വേണ്ടി പോരാടിയവരെ മറക്കാനാകില്ലെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. 75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടാകണം നടത്തേണ്ടതെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു.

കോവിഡ് വൈറസ് വ്യാപനം സാമ്പത്തിക മേഖലയെ ബാധിച്ചു. എന്നാൽ ഈ പ്രതിസന്ധി താത്കാലികമെന്ന് അദ്ദേഹം പറഞ്ഞു. ഒളിമ്പിക് ജേതാക്കളെയും രാഷ്ട്രപതി അഭിനന്ദിച്ചു. ടോക്കിയോ ഒളിംപിക്സിൽ രാജ്യത്തിന്റെ കീർത്തി ഉയർത്തിയ നേട്ടമാണ് കായികതാരങ്ങൾ നേടിയതെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു.

രാജ്യത്ത് 50 കോടി പേർക്ക് വാക്സിൻ നൽകാനായത് നേട്ടമാണെന്നും പാർലമെന്റ് ജനാധിപത്യത്തിന്റെ ശ്രീകോവിലാണെന്നും അദ്ദേഹം അറിയിച്ചു.