കാബൂളിലെ ഇന്ത്യൻ എംബസി അടയ്ക്കും; അഫ്ഗാനിസ്താനിൽ കുടങ്ങിയ ഇന്ത്യൻ പൗരന്മാരുമായി വ്യോമസേനാ വിമാനം ഡൽഹിയിലെത്തി

ന്യൂഡൽഹി: കാബൂളിലെ ഇന്ത്യൻ എംബസി അടയ്ക്കും. കേന്ദ്ര സർക്കാരാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. അതേസമയം കാബൂളിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കാനായി പുറപ്പെട്ടതിൽ ഒരു ഇന്ത്യൻ വ്യോമസേനാ വിമാനം ഡൽഹിയിലെത്തി. അടുത്ത വിമാനം കാബൂൾ വിമാനത്താവളത്തിൽ നിന്നും ഡൽഹിയിലേക്ക് പുറപ്പെട്ടു. വൈകാതെ വിമാനം ഇന്ത്യയിലെത്തുമെന്നാണ് വിവരം.

ഇന്ത്യൻ വ്യോമസേനയുടെ രണ്ട് വിമാനങ്ങളാണ് കാബൂളിലെ ഇന്ത്യൻ എംബസിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനായി കാബൂളിലെത്തിയത്. ഇന്ത്യൻ എംബസി മാത്രമാണ് നിലവിൽ കാബൂളിൽ പ്രവർത്തിക്കുന്നത്. ഇരുന്നൂറോളം ഇന്ത്യൻ പൗരന്മാർ എംബസിയിലുണ്ടെന്നായിരുന്നു റിപ്പോർട്ട്. ഇവരിൽ നയതന്ത്ര ഉദ്യോഗസ്ഥരും നിർമ്മാണ പ്രവർത്തനങ്ങൾക്കായി പോയവരും ഐടിബിപി ഭടൻമാരും ഉൾപ്പെടുന്നുണ്ട്. താലിബാൻ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം കയ്യടക്കുന്നതിന് മുൻപ് തന്നെ അവിടെ പ്രവർത്തിച്ചിരുന്ന ഇന്ത്യയുടെ നാല് കോൺസുലേറ്റുകളും അടച്ചിരുന്നു.