ന്യുഡൽഹി: രാജ്യത്ത് കോവിഡ് പ്രതിരോധ വാക്സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ചവരിൽ 87,000 ലേറെ പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായി വെളിപ്പെടുത്തൽ. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇതിൽ 46% പേരും കേരളത്തിലാണ്.
കേരളത്തിൽ വാക്സിൻ ഒരു ഡോസ് സ്വീകരിച്ചവരിൽ 80,000 ഓളം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രണ്ട് ഡോസും സ്വീകരിച്ചവരിൽ 40,000 ഓളം പേർക്ക് കോവിഡ് പോസിറ്റീവായെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം പ്രതിദിനം ഉയർന്നുവരുന്നത് ആശങ്കാജനകമാണെന്നും മന്ത്രാലയം ദേശീയ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
കോവിഡ് വാക്‌സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ചവരിലെ സാംപിളുകൾ പരിശോധിച്ചതിൽ 200 ഓളം എണ്ണത്തിൽ ജനിതക ഘടന അനുവർത്തിച്ചുള്ള രോഗവ്യാപനം കണ്ടെത്തി. എന്നാൽ ജനിതക വകഭേദമോ പരിവർത്തനമോ സംഭവിച്ച രോഗബാധ റിപ്പോർട്ട് ചെയ്തിട്ടില്ല. പരിവർത്തനം വന്ന വൈറസ് സാന്നിധ്യം കണ്ടെത്തിയാൽ രോഗബാധയുടെ പുതിയ തരംഗത്തിന്റെ തുടക്കമാകുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ. ഡെൽറ്റ വകഭേദമുള്ള രണ്ടാം തരംഗം കുറഞ്ഞുവരികയാണെങ്കിലും മറ്റൊരു വകഭേദം കടന്നുവരാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു.
