General (Page 1,441)

ന്യൂഡൽഹി: വനിതാ ഭീകരവാദികളുടെ കാര്യത്തിൽ കേരളം ഒന്നാമത്. ഉന്നത വിദ്യാഭ്യാസമുള്ള നിരവധി പെൺകുട്ടികൾ ഐ എസ് ഉൾപ്പെടെയുള്ള ഭീകരവാദ സംഘടനകളുടെ ചാവേറുകളായി കേരളത്തിൽ പ്രവർത്തിക്കുന്നുവെന്നാണ് റിപ്പോർട്ട്. ഐ.എസുമായി ബന്ധമുള്ള രണ്ട് യുവതികളെ കണ്ണൂരിൽ നിന്ന് കഴിഞ്ഞ ദിവസം ദേശീയ അന്വേഷണ ഏജൻസി പിടികൂടിയിരുന്നു. ഷിഫാ ഹാരിസ്, മിഷ്ഹ സിദ്ദിഖ് എന്നീ യുവതികളെയാണ് എൻഐഎ അറസ്റ്റ് ചെയ്തത്.

ഇവർക്ക് ഐസിസുമായി വളരെ അടുത്ത ബന്ധമുണ്ടെന്നും ഇതിന് വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും എൻഐഎ അറിയിച്ചിരുന്നു. ഏഴ് പേരടങ്ങുന്ന മലയാളി പെൺ സംഘം ഭീകര പ്രവർത്തനങ്ങൾക്കായി കശ്മീരിൽ പോകാൻ പദ്ധതി ഇട്ടിരുന്നതായും എൻഐഎ കോടതിയിൽ വ്യക്തമാക്കി.

യുവതികൾ ഐസിസിൽ ചേരാൻ പദ്ധതിയിട്ടിരുന്നതായാണ് ദേശീയ അന്വേഷണ ഏജൻസി അറിയിക്കുന്നത്. ഡൽഹിയിൽ നിന്നെത്തിയ എൻ.ഐ.എ സംഘം വളരെ രഹസ്യമായാണ് ഷിഫാ ഹാരിസിനെയും മിഷ്ഹ സിദ്ദിഖിനെയും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാർച്ച് മാസം 15 ന് കണ്ണൂർ, ബംഗളൂരു, ഡൽഹി എന്നിവിടങ്ങളിലായി 10 കേന്ദ്രങ്ങളിൽ എൻ ഐ എ റെയ്ഡ് നടത്തിയിരുന്നു.

ഇൻസ്റ്റഗ്രാം, ടെലിഗ്രാം തുടങ്ങിയ സാമൂഹ്യ മാദ്ധ്യമങ്ങൾ വഴി നൂറോളം യുവതികളാണ് ഐ.എസ് ആശയങ്ങൾ പങ്കുവെച്ചത്. യുവതികൾ ക്രോണിക്കിൾ ഫൗണ്ടേഷൻ എന്ന പേരിൽ ഗ്രൂപ്പുണ്ടാക്കി സോഷ്യൽ മീഡിയയിലൂടെ ഐഎസിന് വേണ്ടി ആശയപ്രചാരണം നടത്തുകയായിരുന്നു. ഇവരുടെ സംഘത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന സ്ലീപ്പിങ് സെല്ലുകൾ അഫ്ഗാൻ പ്രശ്‌നം ഉടലെടുത്തതോടെ സജീവമായി. ഏത് സമയത്തും സജ്ജമായിരിക്കാൻ ഇവർക്ക് മുന്നറിയിപ്പ് ലഭിച്ചിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

നേരത്തെ പിടിയിലായ മലപ്പുറം സ്വദേശി അബു യാഹാ എന്ന് അറിയപ്പെടുന്ന മുഹമ്മദ് അമീനിൽ നിന്ന് ലഭിച്ച ചില വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. മാർച്ച് മാസം ഷിഫാ ഹാരിസിനെയും മിഷ്ഹ സിദ്ദിഖിനെയും കൊച്ചിയിലെ ഓഫീസിലെത്തിച്ച് എൻഐഎ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. എന്നാൽ എൻഐഎ ഇവരെ നിരീക്ഷിക്കുകയായിരുന്നു. തുടർന്ന് വ്യക്തമായ തെളിവുകൾ ലഭിച്ചതോടെ എൻഐഎ ഇരുവരെയും അറസ്റ്റ് ചെയ്തു.

ന്യൂഡൽഹി: സൈഡസ് കാഡില ഫാർമസ്യൂട്ടിക്കൽ കമ്പനി വികസിപ്പിച്ച സൈകോവ് ഡി കോവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നൽകി ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ. മൂന്ന് ഡോസുകൾ സ്വീകരിക്കണമെന്നതാണ് സൈകോവ് ഡിയുടെ പ്രത്യേകത. പന്ത്രണ്ട് വയസിന് മുകളിലുള്ള കുട്ടികൾക്കും വാക്‌സിൻ നൽകാം. 66.66 ശതമാനമാണ് വാക്‌സിന്റെ ഫലപ്രാപ്തി.

നീഡിൽ ഫ്രീ കോവിഡ് വാക്‌സിനാണ് സൈകോവ് ഡി. ലോകത്തിലെ ആദ്യ പ്ലാസ്മിഡ് ഡിഎൻഎ വാക്‌സിൻ കൂടിയാണ് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സൈകോവ് ഡി. രാജ്യത്തിന്റെ ഈ നേട്ടം സുപ്രധാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. മികച്ച നേട്ടം കൈവരിച്ച ശാസ്ത്രജ്ഞർക്ക് അദ്ദേഹം അഭിനന്ദനം അറിയിക്കുകയും ചെയ്തു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സൂചി ഉപയോഗിക്കാതെ ത്വക്കിലെ ശരീര കോശങ്ങളിലേക്ക് കടത്തിവിടുന്ന രീതിയാണ് സൈഡസ് കാഡിലയ്ക്കുള്ളത്. 28,000 ത്തിലധികം പേരിൽ വാക്‌സിൻ പരീക്ഷണം നടത്തിയെന്ന് കമ്പനി അറിയിച്ചു.

രാജ്യത്തെ 50-ഓളം കേന്ദ്രങ്ങളിലാണ് സൈകോവ്-ഡിയുടെ പരീക്ഷണം നടന്നത്. 12-18 വയസ്സുള്ള 1000 ത്തോളം കുട്ടികളും പരീക്ഷണത്തിൽ പങ്കാളികളായി. രാജ്യത്ത് കൗമാരക്കാർക്കുള്ള ആദ്യ വാക്‌സിൻ പരീക്ഷണം നടത്തിയത് സൈകോവ് ഡിയാണ്.

മുംബൈ: എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഒവൈസിക്ക് മറുപടിയുമായി കേന്ദ്ര മന്ത്രി ശോഭ കരന്തലജെ. അഫ്ഗാനിൽ വിഷയത്തിൽ മോദി സർക്കാർ സ്വീകരിച്ച നിലപാടിനെ ചോദ്യം ചെയ്തതിനാണ് ഒവൈസിയ്ക്ക് ശോഭാ കരന്തലജെ ചുട്ടമറുപടി നൽകിയത്. സ്ത്രീകളെയും സമൂഹത്തെയും രക്ഷിക്കാൻ ഒവൈസിയെ അഫ്ഗാനിസ്ഥാനിലേക്ക് അയക്കുന്നതാകും നല്ലതെന്നായിരുന്നു ശോഭ കരന്തലജെയുടെ മറുപടി.

അഫ്ഗാനിലെ സ്ത്രീകളെ കുറിച്ചുള്ള കാര്യങ്ങളിൽ അഭിപ്രായം പറയാതെ ഇന്ത്യയിലെ സ്ത്രീകളിൽ മോദി സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് ഒവൈസി കഴിഞ്ഞ ദിവസം പ്രതികരിച്ചത്. അത്രിക്രമങ്ങളും കുറ്റകൃത്യങ്ങളും ഇന്ത്യയിലുണ്ടായിട്ടും കേന്ദ്രം ആശങ്കപ്പെടുന്നത് അഫ്ഗാനിസ്ഥാനിലെ സ്ത്രീകളെ കുറിച്ചാണെന്നും ഒവൈസി പറഞ്ഞിരുന്നു. ഇന്ത്യയിൽ ഒമ്പത് പെൺകുട്ടികളിൽ ഒരാൾ അഞ്ച് വയസ് ആകും മുമ്പ് മരിക്കുന്നുവെന്ന റിപ്പോർട്ട് ഉയർത്തിക്കാട്ടിയായിരുന്നു ഒവൈസിയുടെ ആരോപണങ്ങൾ.

ന്യൂഡൽഹി: കാബൂളിലെ ഇന്ത്യൻ എംബസിയിൽ നിന്നു പ്രതിനിധികളെ ഒഴിപ്പിക്കേണ്ട ആവശ്യമില്ലെന്ന് താലിബാൻ വ്യക്തമാക്കിയതായി റിപ്പോർട്ട്. താലിബാന്റെ ഖത്തർ ഓഫീസിൽ നിന്നും ഇതുസംബന്ധിച്ച സന്ദേശം ലഭിച്ചതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ലഷ്‌കർ, ജെയ്ഷ എന്നീ സംഘടനകളിൽ നിന്നും ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം ഉണ്ടാകില്ലെന്ന് താലിബാൻ ഉറപ്പു നൽകിയതായാണ് വിവരം. എംബംസിയിൽ നിന്നും ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ ഒഴിപ്പിക്കേണ്ടതില്ലെന്ന് അറിയിച്ച് താലിബാന്റെ പൊളിറ്റിക്കൽ ഘടകം അധ്യക്ഷൻ അബ്ബാസ് സ്റ്റാനിക്‌സായുടെ ഓഫിസിൽ നിന്നാണ് കേന്ദ്ര സർക്കാരിന് സന്ദേശം ലഭിച്ചതെന്നാണ് റിപ്പോർട്ടുകൾ.

രണ്ടു ഇന്ത്യൻ വ്യോമസേന വിമാനങ്ങളിലായി എംബസി ഉദ്യോഗസ്ഥരെയും സുരക്ഷാ ജീവനക്കാരെയും കഴിഞ്ഞ ദിവസങ്ങളിൽ അഫ്ഗാനിൽ നിന്നും ഇന്ത്യയിലെത്തിച്ചിരുന്നു. എന്നാൽ കാബൂളിലും മറ്റ് അഫ്ഗാൻ നഗരങ്ങളിലുമായി ഇന്ത്യൻ പൗരന്മാർ ഇനിയും കുടുങ്ങിക്കിടക്കുന്നുണ്ടെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.

അതേസമയം അഫ്ഗാനിസ്താനിലെ ഇന്ത്യൻ എംബസികളിൽ താലിബാൻ കടന്നുകയറി പരിശോധന നടത്തിയതായുളള റിപ്പോർട്ട് പുറത്തുവന്നിരുന്നു. കാണ്ഡഹാർ, ഹെറാത് എന്നിവിടങ്ങളിലെ കോൺസുലേറ്റുകളിലാണ് താലിബാൻ ഭീകരർ പരിശോധന നടത്തിയത്. അലമാരകളിൽ രേഖകൾക്കായി തിരച്ചിൽ നടത്തിയ സംഘം രണ്ടുകോൺസുലേറ്റിലും നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കടത്തിക്കൊണ്ടുപോയ എന്ന തരത്തിലുള്ള വാർത്തകളും പുറത്തു വന്നിരുന്നു. നാല് ഇന്ത്യൻ കോൺസുലേറ്റുകളാണ് അഫ്ഗാനിസ്താനിൽ പ്രവർത്തിച്ചിരുന്നത്. താലിബാൻ നിയന്ത്രണം പിടിച്ചെടുക്കുന്നതിന് മുൻപ് തന്നെ ഇന്ത്യ കോൺസലേറ്റുകൾ അടച്ചുപൂട്ടിയിരുന്നു. എന്നാൽ കാബൂളിലെ എംബസി ഇതുവരെ ഔദ്യോഗികമായി അടച്ചിട്ടില്ല.

ന്യൂഡൽഹി: സൈഡസ് കാഡിലയുടെ മൂന്ന് ഡോസ് കോവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നൽകാൻ ശുപാർശ. സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ വിദഗ്ധ സമിതിയാണ് ശുപാർശ നൽകിയത്.

66.6 ശതമാനം ഫലപ്രാപ്തിയാണ് സൈഡസ് കാഡിലയുടെ സൈകോവ്-ഡി വാക്‌സിനുള്ളതെന്നാണ് പരീക്ഷണത്തിൽ തെളിഞ്ഞിരിക്കുന്നത്. മൂന്ന് ഡോസ് വാക്‌സിനെടുക്കുന്നതിന്റെ അതേ ഫലപ്രാപ്തി മൂന്ന് മി.ഗ്രാം ഉപയോഗിച്ചുള്ള രണ്ട് ഡോസ് വാക്‌സിനേഷനും ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. മൂന്ന് ഡോസ് വാക്‌സിനേഷന് അനുമതി നൽകാനാണ് വിദഗ്ദ്ധ സമിതി നിലവിൽ ശുപാർശ ചെയ്തിട്ടുള്ളത്. രണ്ട് ഡോസ് വാക്സിനേഷന്റെ ഫലം സംബന്ധിച്ച കൂടുതൽ രേഖകൾ ഹാജരാക്കണമെന്ന് കമ്പനിയോട് സമിതി നിർദ്ദേശം നൽകി.

രാജ്യത്തെ 50-ഓളം കേന്ദ്രങ്ങളിലാണ് സൈകോവ്-ഡിയുടെ പരീക്ഷണം നടന്നത്. 12-18 വയസ്സുള്ള 1000 ത്തോളം കുട്ടികളും പരീക്ഷണത്തിൽ പങ്കാളികളായി. രാജ്യത്ത് കൗമാരക്കാർക്കുള്ള ആദ്യ വാക്‌സിൻ പരീക്ഷണം നടത്തിയത് സൈകോവ് ഡിയാണ്. നിലവിൽ രാജ്യത്ത് അഞ്ച് കോവിഡ് വാക്‌സിനുകൾക്കാണ് ഉപയോഗത്തിന് അനുമതി നൽകിയിട്ടുള്ളത്. കോവിഷീൽഡ്, കോവാക്‌സിൻ, സുപുട്‌നിക് V, മൊഡേണ, ജോൺസൺ ആൻഡ് ജോൺസണിന്റെ ഒറ്റഡോസ് വാക്‌സിൻ എന്നിവയ്ക്കാണ് രാജ്യത്ത് അനുമതിയുള്ളത്.

പാലക്കാട്: നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം പാലക്കാട് മുണ്ടാരത്ത് എലവഞ്ചേരിക്കടുത്തെ തറവാട്ട് വീട്ടിൽ ഓണാഘോഷത്തിനെത്തി ശശി തരൂർ എംപി. ജനാധിപത്യ അവകാശങ്ങൾ ഹനിക്കപ്പെട്ട അഫ്ഗാൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുള്ളതാണ് ഇത്തവണത്തെ ഓണമെന്ന് ശശി തരൂർ വ്യക്തമാക്കി. ഒരു പ്രമുഖ്യ മാദ്ധ്യമത്തോടായിരുന്നു ശശി തരൂരിന്റെ പ്രതികരണം.

കഴിഞ്ഞ 20 വർഷത്തോളം അഫ്ഗാൻ ജനത വളരെ നല്ല രീതിയിലുള്ള ജീവിത സാഹചര്യം പുലർത്തി വന്നിരുന്നു. പക്ഷെ നിലവിൽ സാഹചര്യം മാറി. മതമോ ജാതിയോ നോക്കാതെ എല്ലാ അഭയാർഥികളെയും രക്ഷിക്കുക എന്ന കാഴ്ചപ്പാടാവണം ഇന്ത്യ സ്വീകരിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

ഏത് സ്ഥലത്തായിരുന്നാലും ഓണം ആഘോഷിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ന്യൂയോർക്ക് ഐക്യരാഷ്ട്ര സഭയിൽ പ്രതിനിധിയായിരിക്കവേ വിയന്നയിലും ജനീവയിലെയും നടന്ന ഓണാഘോഷ പരിപാടികളെ കുറിച്ചുള്ള ഓർമ്മകളെ കുറിച്ച് അദ്ദേഹം സംസാരിച്ചു. കുടുംബത്തോടൊപ്പമാണ് പുത്തരി ചടങ്ങ് ആഘോഷിച്ചിട്ടുള്ളതെന്നും പുത്തരിയൂണിന് നേതൃത്വം കൊടുത്തതിനെ കുറിച്ചുള്ള ഓർമ്മകളും അദ്ദേഹം വിശദമാക്കി.

ന്യൂഡൽഹി: കോൺഗ്രസിനെതിരെ പരിഹാസവുമായി കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂർ. അടുത്ത ലോക്സഭാ ഇലക്ഷൻ നടക്കുന്ന 2024 ൽ എങ്കിലും കോൺഗ്രസിന് അവരുടെ പാർട്ടി അദ്ധ്യക്ഷനെ തിരഞ്ഞെടുക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പരിഹസിച്ചു. ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ 2.0 കൂട്ടയോട്ടം ഉദ്ഘാടനം ചെയ്ത ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

താൻ രാഷ്ട്രീയത്തിലേക്ക് വന്നതല്ലെന്നും രാഷ്ട്രീയം ഇന്ത്യയുടെ കായികരംഗത്തേക്ക് പ്രവേശിച്ചപ്പോൾ താനും അതിന്റെ ഭാഗമായി തീർന്നതാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. രാജ്യത്ത് സ്‌പോർട്‌സിന്റെ ഉന്നമനത്തിനു വേണ്ടിയുള്ള ഏതൊരു പ്രവർത്തനത്തിനും താൻ എപ്പോഴും കൂടെയുണ്ടാകുമെന്നും എന്നാൽ സ്ഥലപരിമിതിയാണ് ഇന്ന് രാജ്യം നേരിടുന്ന വലിയൊരു പ്രശ്‌നമെന്നും അദ്ദേഹം വിശദമാക്കി.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല. സ്ത്രീ പീഡന പരാതി ഒതുക്കി തീർക്കുവാൻ ശ്രമിക്കുന്നത് സ്ത്രീ പീഡനത്തിനെ സഹായിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം വിമർശിച്ചു.

മന്ത്രി ശശീന്ദ്രന് ക്ലീൻ ചീറ്റ് നൽകിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ നിഘണ്ടു പ്രകാരമാണ്. സ്ത്രീ പീഡനത്തിനെ ഒതുക്കി തീർക്കുവാൻ ശ്രമിക്കുന്നവരെ കുറ്റവിമുക്തനാക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വിശദമാക്കി. ഇതു വഴി സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പീഡന പരാതി നല്ല രീതിയിൽ തീർക്കണമെന്ന മന്ത്രിയുടെ ഭാഷാപ്രയോഗത്തിൽ തെറ്റില്ലെന്ന് സർക്കാരിന് നിയമോപദേശം ലഭിച്ച സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. നല്ല രീതിയിൽ തീർക്കുക എന്നതിന് വേണ്ടത് പോലെ ചെയ്യുക എന്നാണ് ഇംഗ്ലീഷ്-മലയാളം നിഘണ്ടുവിലെ അർത്ഥം. ഒരു പ്രയാസവുമില്ലാതെ പ്രശ്‌നം പരിഹരിക്കണമെന്ന് പറഞ്ഞതിൽ തെറ്റില്ലെന്നാണ് പോലീസിന് ലഭിച്ച നിയമോപദേശം. ഇരയുടെ പേരോ ഇരയ്ക്ക് എതിരെ പരാമർശമോ സംഭാഷണത്തിൽ ഇല്ലെന്നും കേസ് പിൻവലിക്കണമെന്നോ സംഭാഷണത്തിൽ ആവശ്യപ്പെട്ടിട്ടില്ലെന്നും നിയമോപദേശത്തിൽ വിശദമാക്കുന്നു. ഭീഷണി സ്വരവും ഫോൺ സംഭാഷണത്തിൽ ഇല്ലെന്നും പബ്ലിക് പ്രോസിക്യൂട്ടർ പോലീസിന് നൽകിയ നിയമോപദേശത്തിൽ വ്യക്തമാക്കുന്നു.

കൊച്ചി: തൃക്കാക്കര നഗരസഭയിലെ യു ഡി എഫ് ചെയർപേഴ്‌സൺ അജിതാ തങ്കപ്പൻ ഓണക്കോടിക്കൊപ്പം കൗൺസിലർമാർക്ക് പതിനായിരം രൂപ വീതം നൽകിയ സംഭവത്തിൽ കോൺഗ്രസ് പ്രതിരോധത്തിൽ. സംഭവത്തിനു പിന്നിലെ സത്യാവസ്ഥ അന്വേഷിച്ച് കണ്ടെത്താനാണ് പാർട്ടിയുടെ തീരുമാനം. സംഭവത്തിൽ അന്വേഷണം നടത്താൻ കോൺഗ്രസ് ഡിസിസി പ്രസിഡന്റിനെ ചുമതലപ്പെടുത്തി.

അജിത കുറ്റം ചെയ്തിട്ടുണ്ടെന്ന് വ്യക്തമായാൽ കർശന നടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് കൗൺസിലർമാർ തന്നെ രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ ദിവസമായിരുന്നു ചെയർ പേഴ്സൺ അജിത തങ്കപ്പൻ കൗൺസിലർമാരെ ഓരോരുത്തരെയായി ക്യാബിനിൽ വിളിച്ച് വരുത്തി ഓണസമ്മാനം നൽകിയത്. സ്വകാര്യമായാണ് ചെയർപേഴ്‌സൺ ഓരോരുത്തർക്കും കവർ സമ്മാനിച്ചത്. പണത്തിന്റെ ഉറവിടത്തെക്കുറിച്ച് സംശയം തോന്നിയ പതിനെട്ട് കൗൺസിലർമാർ പണം തിരികെ നൽകുകയും ചെയ്തു. ചെയർപേഴ്‌സന്റെ നടപടിയിൽ അന്വേഷണം ആവശ്യപ്പെട്ട് കൗൺസിലർമാർ വിജിലൻസ് ഡയറക്ടർക്കും പരാതി നൽകി. അഴിമതിയിലൂടെ ലഭിച്ച കമ്മീഷൻ പണമാണിതെന്നാണ് കൗൺസിലർമാരുടെ സംശയം.

തിരുവനന്തപുരം: അഫ്ഗാനിസ്താന് മേൽ താലിബാൻ നേടിയ വിജയം മതതീവ്രവാദത്തിലേക്ക് പോകുന്നവരുടെ എണ്ണം വർധിപ്പിക്കാമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. ഇപ്പോൾത്തന്നെ വിശ്വരൂപം കാണിക്കുന്ന ഭൂരിപക്ഷവർഗീയവാദത്തിന് ഇത് ഇന്ധനം പകരുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഈ രണ്ടു പ്രതിഭാസങ്ങളും ഇന്ത്യയിലെ തൊഴിലാളികളുടെയും പാവപ്പെട്ടവരുടെയും ജീവിതം കൂടുതൽ ദുഷ്‌കരമാക്കുമെന്നും തൊഴിലാളി രാഷ്ട്രീയത്തിന്റെ ശക്തിക്ഷയം നമ്മുടെ ഭരണ വർഗ്ഗത്തിന്റെ സാമ്രാജ്യവിധേയത്വം കൂടുതൽ പ്രകടമാക്കാൻ അവസരം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അഫ്ഗാനിസ്താനിൽ അമേരിക്ക നാണംകെട്ട ഒരു തോൽവിയാണ് നേരിട്ടത്. ഇരുപതു വർഷം മുമ്പ് അവർ മറിച്ചിട്ട താലിബാൻ വീണ്ടും രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നു. അഫ്ഗാനിസ്ഥാനിൽ അമേരിക്കയും നാറ്റോ കൂട്ടാളികളും ചേർന്നുണ്ടാക്കിയ അഷറഫ് ഗനി സർക്കാരിന്റെ പതനം സാമ്രാജ്യത്വ ശക്തികളുണ്ടാക്കിയ സൈന്യവും ഭരണകൂടവും എത്ര പൊള്ളയായിരുന്നു എന്നത് വ്യക്തമാക്കുന്നു. അമേരിക്കൻ സാമ്രാജ്യത്വവും താലിബാന്റെ മതഭികരവാദവും സ്ത്രീവിരുദ്ധ യാഥാസ്ഥിതികത്വവും
ചേർന്ന് അഫ്ഗാനിസ്താനിലെ ജനങ്ങളുടെ ജീവിതം വലിയൊരു പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ദക്ഷിണ ഏഷ്യയിലെന്നു മാത്രമല്ല ലോകമെങ്ങും ഇത് ആശങ്ക പരത്തിയിരിക്കുകയാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

സാമ്രാജ്യത്വ താല്പര്യങ്ങൾ മതതീവ്രവാദത്തെ കൂടുതലായി ഉപയോഗിച്ച് മനുഷ്യജീവിതത്തെ ദുസ്സഹദുരിതത്തിലാക്കുമോ എന്ന ആശങ്ക ഉയർന്നിട്ടുണ്ട്. അഫ്ഗാനിസ്താന്റെ കാര്യത്തിൽ ഇന്ത്യാ സർക്കാർ അമേരിക്കൻ നയങ്ങളെ അന്ധമായി പിന്തുടരുകയായിരുന്നു. ഇന്ത്യയെ അത് ഈ മേഖലയിൽ ഒറ്റപ്പെടുത്തുകയും നമ്മുടെ രാജ്യത്തിനു മുന്നിലുള്ള സാധ്യതകൾ പരിമിതപ്പെടുത്തുകയും ചെയ്തുവെന്ന് അദ്ദേഹം വിശദമാക്കി.

1990 കളിലെ താലിബാൻ ഭരണകൂടം തീവ്ര മതതീവ്രവാദസമീപനത്താൽ നിയന്ത്രിക്കപ്പെട്ടതായിരുന്നു. സ്ത്രീകൾക്കും പെൺകുട്ടികൾക്കും ന്യൂനപക്ഷ വിഭാഗങ്ങൾക്കും കലയ്ക്കും സംസ്‌ക്കാരത്തിനും ആ ദുഷിച്ച ഭരണം അടിച്ചമർത്തലിന്റേതായിരുന്നു. ഇപ്പോഴുണ്ടായിരിക്കുന്ന വാഴ്ച ഇത്തരത്തിലുള്ള നയം സ്വീകരിക്കില്ല എന്നതിന് ഇതുവരെ വ്യക്തതയില്ല. സ്ത്രീകൾ തൊഴിൽ എടുക്കരുത്, പെൺകുട്ടികൾ വിദ്യാലയത്തിൽ പോകരുത്, പുരുഷന്മാരുടെ കൂടെ അല്ലാതെ സ്ത്രീകൾ പുറത്തിറങ്ങരുത് എന്നൊക്കെ ആയിരുന്നു ചട്ടങ്ങൾ. ഇസ്ലാമിനെക്കുറിച്ച് താലിബാൻ നടത്തിയ വളരെ യാഥാസ്ഥിതികമായ ദുർവ്യാഖ്യാനത്തിന്റെ അടിസ്ഥാനത്തിൽ ആണ് അവർ ഭരണകൂടം നടത്തിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഇസ്ലാമിക് സ്റ്റേറ്റ്, അൽ ക്വെയ്ദ തുടങ്ങിയ ഭീകരസംഘടനകൾക്ക് അഫ്ഗാനിസ്താൻ ഒരു താവളം ആവുമോ എന്ന ആശങ്കയും ലോകമെമ്പാടും ഉയരുന്നുണ്ട്. സാമ്രാജ്യ താല്പര്യത്തിനും താലിബാൻ മട്ടിലുള്ള മതമൗലികവാദത്തിനുമെതിരായ സമരം ജനജീവിതപ്രശ്‌നങ്ങളെ മുൻനിർത്തിയുള്ള സമരവുമായി കൂട്ടിയോജിപ്പിച്ച് മുന്നോട്ടു കൊണ്ടുപോവുകയാണ് ഈ സാഹചര്യത്തിൽ നമ്മുടെ കടമയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.