ന്യൂഡൽഹി: വനിതാ ഭീകരവാദികളുടെ കാര്യത്തിൽ കേരളം ഒന്നാമത്. ഉന്നത വിദ്യാഭ്യാസമുള്ള നിരവധി പെൺകുട്ടികൾ ഐ എസ് ഉൾപ്പെടെയുള്ള ഭീകരവാദ സംഘടനകളുടെ ചാവേറുകളായി കേരളത്തിൽ പ്രവർത്തിക്കുന്നുവെന്നാണ് റിപ്പോർട്ട്. ഐ.എസുമായി ബന്ധമുള്ള രണ്ട് യുവതികളെ കണ്ണൂരിൽ നിന്ന് കഴിഞ്ഞ ദിവസം ദേശീയ അന്വേഷണ ഏജൻസി പിടികൂടിയിരുന്നു. ഷിഫാ ഹാരിസ്, മിഷ്ഹ സിദ്ദിഖ് എന്നീ യുവതികളെയാണ് എൻഐഎ അറസ്റ്റ് ചെയ്തത്.
ഇവർക്ക് ഐസിസുമായി വളരെ അടുത്ത ബന്ധമുണ്ടെന്നും ഇതിന് വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും എൻഐഎ അറിയിച്ചിരുന്നു. ഏഴ് പേരടങ്ങുന്ന മലയാളി പെൺ സംഘം ഭീകര പ്രവർത്തനങ്ങൾക്കായി കശ്മീരിൽ പോകാൻ പദ്ധതി ഇട്ടിരുന്നതായും എൻഐഎ കോടതിയിൽ വ്യക്തമാക്കി.
യുവതികൾ ഐസിസിൽ ചേരാൻ പദ്ധതിയിട്ടിരുന്നതായാണ് ദേശീയ അന്വേഷണ ഏജൻസി അറിയിക്കുന്നത്. ഡൽഹിയിൽ നിന്നെത്തിയ എൻ.ഐ.എ സംഘം വളരെ രഹസ്യമായാണ് ഷിഫാ ഹാരിസിനെയും മിഷ്ഹ സിദ്ദിഖിനെയും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാർച്ച് മാസം 15 ന് കണ്ണൂർ, ബംഗളൂരു, ഡൽഹി എന്നിവിടങ്ങളിലായി 10 കേന്ദ്രങ്ങളിൽ എൻ ഐ എ റെയ്ഡ് നടത്തിയിരുന്നു.
ഇൻസ്റ്റഗ്രാം, ടെലിഗ്രാം തുടങ്ങിയ സാമൂഹ്യ മാദ്ധ്യമങ്ങൾ വഴി നൂറോളം യുവതികളാണ് ഐ.എസ് ആശയങ്ങൾ പങ്കുവെച്ചത്. യുവതികൾ ക്രോണിക്കിൾ ഫൗണ്ടേഷൻ എന്ന പേരിൽ ഗ്രൂപ്പുണ്ടാക്കി സോഷ്യൽ മീഡിയയിലൂടെ ഐഎസിന് വേണ്ടി ആശയപ്രചാരണം നടത്തുകയായിരുന്നു. ഇവരുടെ സംഘത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന സ്ലീപ്പിങ് സെല്ലുകൾ അഫ്ഗാൻ പ്രശ്നം ഉടലെടുത്തതോടെ സജീവമായി. ഏത് സമയത്തും സജ്ജമായിരിക്കാൻ ഇവർക്ക് മുന്നറിയിപ്പ് ലഭിച്ചിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
നേരത്തെ പിടിയിലായ മലപ്പുറം സ്വദേശി അബു യാഹാ എന്ന് അറിയപ്പെടുന്ന മുഹമ്മദ് അമീനിൽ നിന്ന് ലഭിച്ച ചില വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. മാർച്ച് മാസം ഷിഫാ ഹാരിസിനെയും മിഷ്ഹ സിദ്ദിഖിനെയും കൊച്ചിയിലെ ഓഫീസിലെത്തിച്ച് എൻഐഎ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. എന്നാൽ എൻഐഎ ഇവരെ നിരീക്ഷിക്കുകയായിരുന്നു. തുടർന്ന് വ്യക്തമായ തെളിവുകൾ ലഭിച്ചതോടെ എൻഐഎ ഇരുവരെയും അറസ്റ്റ് ചെയ്തു.

