തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല. സ്ത്രീ പീഡന പരാതി ഒതുക്കി തീർക്കുവാൻ ശ്രമിക്കുന്നത് സ്ത്രീ പീഡനത്തിനെ സഹായിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം വിമർശിച്ചു.
മന്ത്രി ശശീന്ദ്രന് ക്ലീൻ ചീറ്റ് നൽകിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ നിഘണ്ടു പ്രകാരമാണ്. സ്ത്രീ പീഡനത്തിനെ ഒതുക്കി തീർക്കുവാൻ ശ്രമിക്കുന്നവരെ കുറ്റവിമുക്തനാക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വിശദമാക്കി. ഇതു വഴി സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പീഡന പരാതി നല്ല രീതിയിൽ തീർക്കണമെന്ന മന്ത്രിയുടെ ഭാഷാപ്രയോഗത്തിൽ തെറ്റില്ലെന്ന് സർക്കാരിന് നിയമോപദേശം ലഭിച്ച സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. നല്ല രീതിയിൽ തീർക്കുക എന്നതിന് വേണ്ടത് പോലെ ചെയ്യുക എന്നാണ് ഇംഗ്ലീഷ്-മലയാളം നിഘണ്ടുവിലെ അർത്ഥം. ഒരു പ്രയാസവുമില്ലാതെ പ്രശ്‌നം പരിഹരിക്കണമെന്ന് പറഞ്ഞതിൽ തെറ്റില്ലെന്നാണ് പോലീസിന് ലഭിച്ച നിയമോപദേശം. ഇരയുടെ പേരോ ഇരയ്ക്ക് എതിരെ പരാമർശമോ സംഭാഷണത്തിൽ ഇല്ലെന്നും കേസ് പിൻവലിക്കണമെന്നോ സംഭാഷണത്തിൽ ആവശ്യപ്പെട്ടിട്ടില്ലെന്നും നിയമോപദേശത്തിൽ വിശദമാക്കുന്നു. ഭീഷണി സ്വരവും ഫോൺ സംഭാഷണത്തിൽ ഇല്ലെന്നും പബ്ലിക് പ്രോസിക്യൂട്ടർ പോലീസിന് നൽകിയ നിയമോപദേശത്തിൽ വ്യക്തമാക്കുന്നു.

