സൈഡസ് കാഡിലയുടെ വാക്‌സിന് അംഗീകാരം; സുപ്രധാന നേട്ടമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: സൈഡസ് കാഡില ഫാർമസ്യൂട്ടിക്കൽ കമ്പനി വികസിപ്പിച്ച സൈകോവ് ഡി കോവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നൽകി ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ. മൂന്ന് ഡോസുകൾ സ്വീകരിക്കണമെന്നതാണ് സൈകോവ് ഡിയുടെ പ്രത്യേകത. പന്ത്രണ്ട് വയസിന് മുകളിലുള്ള കുട്ടികൾക്കും വാക്‌സിൻ നൽകാം. 66.66 ശതമാനമാണ് വാക്‌സിന്റെ ഫലപ്രാപ്തി.

നീഡിൽ ഫ്രീ കോവിഡ് വാക്‌സിനാണ് സൈകോവ് ഡി. ലോകത്തിലെ ആദ്യ പ്ലാസ്മിഡ് ഡിഎൻഎ വാക്‌സിൻ കൂടിയാണ് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സൈകോവ് ഡി. രാജ്യത്തിന്റെ ഈ നേട്ടം സുപ്രധാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. മികച്ച നേട്ടം കൈവരിച്ച ശാസ്ത്രജ്ഞർക്ക് അദ്ദേഹം അഭിനന്ദനം അറിയിക്കുകയും ചെയ്തു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സൂചി ഉപയോഗിക്കാതെ ത്വക്കിലെ ശരീര കോശങ്ങളിലേക്ക് കടത്തിവിടുന്ന രീതിയാണ് സൈഡസ് കാഡിലയ്ക്കുള്ളത്. 28,000 ത്തിലധികം പേരിൽ വാക്‌സിൻ പരീക്ഷണം നടത്തിയെന്ന് കമ്പനി അറിയിച്ചു.

രാജ്യത്തെ 50-ഓളം കേന്ദ്രങ്ങളിലാണ് സൈകോവ്-ഡിയുടെ പരീക്ഷണം നടന്നത്. 12-18 വയസ്സുള്ള 1000 ത്തോളം കുട്ടികളും പരീക്ഷണത്തിൽ പങ്കാളികളായി. രാജ്യത്ത് കൗമാരക്കാർക്കുള്ള ആദ്യ വാക്‌സിൻ പരീക്ഷണം നടത്തിയത് സൈകോവ് ഡിയാണ്.