തിരുവനന്തപുരം: പതിവ് തെറ്റിക്കാതെ ഇത്തവണയും കാൻസർ രോഗികൾക്കൊപ്പം ഓണം ആഘോഷിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. നിർധനരായ കാൻസർ രോഗികൾക്കൊപ്പമാണ് കഴിഞ്ഞ 5 വർഷമായി ഉമ്മൻചാണ്ടി ഓണം ആഘോഷിക്കുന്നത്. പൂജപ്പുരയിലെ പുതുപ്പള്ളി ഹൗസിലാണ് നിർധനരായ കാൻസർ രോഗികൾക്കൊപ്പം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഓണം ആഘോഷിച്ചത്.
സമൂഹത്തിൽ ഏറ്റവുമധികം ബുദ്ധിമുട്ടനുഭവിക്കുന്നത് ആരോഗ്യത്തിൽ പ്രശ്നങ്ങളുള്ള ആളുകളാണ്. പ്രത്യേകിച്ച് കാൻസർ രോഗികൾ. ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കൊപ്പം ഓണം ആഘോഷിക്കുന്നത് സന്തോഷമാണെന്ന് അദ്ദേഹം പറഞ്ഞു. കാൻസർ രോഗികൾക്ക് വേണ്ട സാമ്പത്തിക സഹായവും നൽകി വരുന്നുണ്ടെന്നും ഉമ്മൻചാണ്ടി അറിയിച്ചു.
കഴിഞ്ഞ 5 വർഷമായി കാൻസർ രോഗികൾക്ക് ഓണപ്പുടവ നൽകിയും സംഭാവനകൾ നൽകിയുമാണ് ഉമ്മൻചാണ്ടി ഓണം ആഘോഷിക്കുന്നത്. അബുദാബി വീക്ഷണം ഇന്ദിര ഗാന്ധി ഫോറം നടത്തിവരുന്ന പരിപാടിയുടെ ഭാഗമായാണ് ഓണാഘോഷ ചടങ്ങ് സംഘടിപ്പിച്ചത്. 23 ഓളം കാൻസർ രോഗികളാണ് ഉമ്മൻചാണ്ടിക്കൊപ്പം ആഘോഷത്തിൽ പങ്കെടുത്തത്.

