ലക്നൗ: നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ഉത്തർപ്രദേശിൽ നിർണായക നീക്കങ്ങളുമായി ബിജെപി. ഉത്തർപ്രദേശ് മന്ത്രിസഭ പു:നസംഘടിപ്പിക്കുമെന്നാണ് വിവരം, മുൻ കോൺഗ്രസ് നേതാവ് ജിതിൻ പ്രസാദ, ബ്രാഹ്മണ നേതാവ് ലക്ഷ്മികാന്ത് ബാജ്പേയ്, മോദിയുടെ വിശ്വസ്തൻ എ.കെ ശർമ എന്നിവരെ ഉൾപ്പെടുത്തിയായിരിക്കും പുന:സംഘടന നടക്കുന്നത്.
ബ്രാഹ്മണ സമൂഹത്തിൽനിന്ന് മൂന്നു പേരെ മന്ത്രിസഭയിലേക്ക് പരിഗണിക്കുമെന്നാണ് വിവരം. കൂടാതെ യുപിയിലെ ബിജെപിയുടെ പ്രധാന സഖ്യകക്ഷിയായ സഞ്ജയ് നിഷാദ് പോലുള്ള മറ്റ് പാർട്ടികളിൽ നിന്നുള്ള രണ്ടോ മൂന്നോ വ്യക്തികളെയും മന്ത്രിസഭയിലേക്ക് പരിഗണിക്കാൻ സാധ്യതയുണ്ട്.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ഡൽഹിയിൽ ബിജെപി നേതാക്കൾ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. മൂന്നു മണിക്കൂർ നേരമായിരുന്നു കൂടിക്കാഴ്ച. വ്യാഴാഴ്ച വൈകുന്നേരം ഡൽഹിയിലെത്തിയ ആദിത്യനാഥ് നേരിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിയിലെ യോഗത്തിൽ പങ്കെടുക്കാനായി പോകുകയായിരുന്നു. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ, പാർട്ടി സംസ്ഥാന അധ്യക്ഷൻ സ്വതന്ത്ര ദേവ് സിംഗ്, സംഘടന ജനറൽ സെക്രട്ടറി സുനിൽ ബൻസാൽ തുടങ്ങിയവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

