സിപിഎം 23-ാം പാർട്ടി കോൺഗ്രസിന് കണ്ണൂരിലെ നായനാർ അക്കാദമി വേദിയാകും; കോടിയേരി ബാലകൃഷ്ണൻ

കണ്ണൂർ: സിപിഎം 23-ാം പാർട്ടി കോൺഗ്രസ് വേദിയായി കണ്ണൂരിലെ നായനാർ അക്കാദമിയെ തെരഞ്ഞെടുത്തു. സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും 800 ഓളം പ്രതിനിധികളാണ് പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നത്. ജില്ലാ സമ്മേളന തീയതികൾക്ക് അടുത്ത സംസ്ഥാന കമ്മിറ്റി രൂപം നൽകുമെന്നും സംസ്ഥാന സമ്മേളനം നടക്കുന്നതിനാൽ എറണാകുളം ജില്ലാ സമ്മേളനമായിരിക്കും ആദ്യം നടക്കുകയെന്നും അദ്ദേഹം അറിയിച്ചു.

വേദിക്കായുള്ള ക്രമീകരണങ്ങൾ പരിശോധിക്കാൻ എത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ, ജില്ലാ സെക്രട്ടറി എം വി ജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗം ജെയിംസ് മാത്യു എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

സെപ്തംബർ 10 മുതൽ 30 വരെയുള്ള തീയ്യതികൾക്കുള്ളിലായിരിക്കും ബ്രാഞ്ച് സമ്മേളനങ്ങൾ നടക്കുക. ലോക്കൽ സമ്മേളനങ്ങൾ ഒക്ടോബർ മാസവും ഏരിയാ സമ്മേളനങ്ങൾ നവംബർ മാസവും നടത്താനും തീരുമാനിച്ചു.

കേരളത്തിലെ പാർട്ടിയുടെ ചരിത്രം മനസ്സിലാക്കാൻ ഉതകും വിധം സംവിധാനങ്ങൾ അക്കാദമിയിൽ ഒരുക്കുമെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.