മലപ്പുറം: ആഫ്രിക്കയിലെ സ്വത്തുക്കൾ സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്താതെ പി.വി അൻവർ എംഎൽഎ. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി സമർപ്പിച്ച നാമനിർദേശ പത്രികയ്ക്കൊപ്പമുള്ള രേഖകളിലൊന്നും പി വി അൻവർ ആഫ്രിക്കയിലെ സ്വത്ത് വിവരങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിട്ടില്ല. ഇത് ഗുരുതരമായ ചട്ടലംഘനമാണെന്നാണ് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
നാമനിർദ്ദേശ പത്രികയിൽ സ്വത്ത് വിവരങ്ങൾ പരസ്യപ്പെടുത്താതിരിക്കുന്നത് ഹർജി കൂടാതെ വോട്ടർമാർക്ക് പരാതിപ്പെടാവുന്ന കുറ്റമാണെന്നാണ് നിയമ വിദഗ്ധർ വ്യക്തമാക്കുന്നത്. കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ 125 എ വകുപ്പ് പ്രകാരം ആറ് മാസം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിതെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുൻപ് സമർപ്പിച്ച നാമനിർദ്ദേശ പത്രികയിലെ സ്വത്ത് വിവരങ്ങളിലും ആഫ്രിക്കയിലെ സ്വത്തിനേയോ നിക്ഷേപത്തേയോ കുറിച്ച് അൻവർ പറഞ്ഞിട്ടില്ല. 2021 ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുൻപ് മണ്ഡലത്തിൽ എംഎൽഎയെ കാണാനില്ലെന്ന പരാതി ഉയർന്നപ്പോൾ അൻവർ തന്നെ ഫേസ്ബുക്കിലൂടെ താൻ ആഫ്രിക്കയിലാണെന്ന വിവരം വെളിപ്പെടുത്തിയിരുന്നു. ആഫ്രിക്കയിൽ തനിക്ക് നിക്ഷേപം ഉണ്ടെന്ന് അൻവർ പറഞ്ഞിരുന്നു. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പ് നാമനിർദേശ പത്രികയ്ക്ക് ഒപ്പം സമർപ്പിച്ച 66 പേജുള്ള സ്വത്ത് വിവരങ്ങളിൽ തന്റേയോ ആശ്രിതരുടേയോ പേരിൽ ആഫ്രിക്കയിൽ എന്തെങ്കിലും തരത്തിലുള്ള നിക്ഷേപമുള്ളതായി വ്യക്തമാക്കിയിട്ടില്ല.
തെരഞ്ഞെടുപ്പ് കമ്മീഷനാണ് വിഷയത്തിൽ നടപടി സ്വീകരിക്കേണ്ടതെന്നും നിയമ വിദഗ്ധർ പറയുന്നു.

