മുംബൈ: വാട്ട്സ്ആപ്പിനോട് സാമ്യമുള്ള പേര് ഉപയോഗിക്കുന്ന ഏതെങ്കിലും ആപ്പുകൾ നിങ്ങൾ ഉപയോഗിക്കുന്നുണ്ടോ. അങ്ങനെയെങ്കിൽ എത്രയും വേഗം തന്നെ അൺഇൻസ്റ്റാൾ ചെയ്യണമെന്ന് മുന്നറിയിപ്പ്. ഇല്ലെങ്കിൽ ഈ ആപ്പുകൾ നിങ്ങൾക്ക് പണിതരുമെന്നാണ് വാട്ട്സ്ആപ്പ് മുന്നറിയിപ്പ് നൽകുന്നത്. കൂടുതൽ ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന തേഡ് പാർട്ടി ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്ന ആളുകളോട് ഇനി വിട്ടുവീഴ്ച ചെയ്യില്ലെന്ന് വാട്ട്സ്ആപ്പ് അറിയിച്ചു.
വാട്ട്സ്ആപ്പ് പ്ലസ്, ജിബി പ്ലസ് തുടങ്ങിയ തേഡ് പാർട്ടി ആപ്ലിക്കേഷനുകൾ വാട്ട്സ്ആപ്പിലില്ലാത്ത നിരവധി ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നു. എന്നാൽ, ഈ ആപ്പുകൾ സുരക്ഷിതമല്ലെന്നും അത് വ്യക്തിഗത ഡാറ്റ മോഷ്ടിക്കാൻ കഴിയുന്ന മാൽവെയറുകൾ നിറഞ്ഞതുമാണെന്നുമാണ് വാട്ട്സ്ആപ്പ് പറയുന്നത്. പ്ലേ സ്റ്റോറിലോ ആപ്പ് സ്റ്റോറിലോ ഇത്തരം ആപ്പുകൾ കണ്ടെത്താത്തതിന്റെ പ്രധാന കാരണവും ഇതുതന്നെയാണെന്ന് വാട്ട്സ്ആപ്പ് വ്യക്തമാക്കി.
വാട്ട്സ്ആപ്പ് ഒരിക്കലും ഓട്ടോമാറ്റിക്ക് മറുപടികളും ചാറ്റ് ഷെഡ്യൂളിംഗും അവതരിപ്പിച്ചിട്ടില്ല. എന്നാൽ ഈ വ്യാജ ആപ്പുകളിൽ ഈ ഫീച്ചറുകളെല്ലാം ഉണ്ട്. ഓട്ടോറിപ്ലൈസ്, ചാറ്റ് ഷെഡ്യൂളിംഗ് എന്നിവയും മറ്റ് ഫീച്ചറുകളും ഈ വ്യാജ ആപ്പുകളിൽ ഉൾക്കൊള്ളുന്നു. വാട്ട്സ്ആപ്പ് നയങ്ങൾ അനുസരിച്ച്, അവരുടെ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയ ഒരു അക്കൗണ്ടിന് ആപ്പിന് താൽക്കാലികമോ ശാശ്വതമോ ആയ വിലക്ക് നേരിടേണ്ടിവരും. വാട്ട്സ്ആപ്പ് ആപ്പിന്റെ അനധികൃത പതിപ്പുകളെ ‘വാട്ട്സ്ആപ്പ് മോഡുകൾ’ എന്ന് വിളിക്കുന്നു. വാട്ട്സ്ആപ്പിന്റെ പരിഷ്ക്കരിച്ച പതിപ്പ് ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ, അത് കമ്പനിയുടെ നിബന്ധനകളുടെയും വ്യവസ്ഥകളുടെയും വ്യക്തമായ ലംഘനമായി കണക്കാക്കുകയും അക്കൗണ്ട് നിരോധിക്കുകയും ചെയ്യും.
വാട്ട്സ്ആപ്പ് പ്ലസ്, ജിബി പ്ലസ് പോലുള്ള മിക്ക തേർഡ് പാർട്ടി ആപ്ലിക്കേഷനുകളും എപികെ വഴി മാത്രമേ ഡൗൺലോഡ് ചെയ്യാൻ കഴിയൂ.ഈ ആപ്പുകൾ ഉപയോക്താക്കളുടെ സുരക്ഷിതത്വവും സ്വകാര്യതയും ശ്രദ്ധിക്കുന്നില്ലെന്നും അതിനാൽ അത്തരം ആപ്പുകൾ ഡൗൺലോഡ് ചെയ്യരുതെന്നും വാട്ട്സ്ആപ്പ് അറിയിച്ചു.

