ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എ പി അബ്ദുള്ളക്കെതിരെ വധഭീഷണി; ഒരാൾക്കെതിരെ കേസെടുത്ത് മംഗളൂരു പോലീസ്

കൊച്ചി: ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എ പി അബ്ദുള്ളക്കെതിരെ വധഭീഷണി മുഴക്കിയയാൾക്കെതിരെ കേസ്. മംഗളൂരു പോലീസാണ് കേസെടുത്തത്. എ കെ സിദ്ദിഖ് എന്നയാളാണ് എ പി അബുദുള്ളക്കുട്ടിക്കെതിരെ വധഭീഷണി മുഴക്കിയത്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ആദ്യ താലിബാൻ നേതാവാണെന്ന വിവാദ പരാമർശം നടത്തിയതിനു പിന്നാലെയാണ് അബ്ദുള്ളക്കുട്ടിക്ക് നേരെ ഇയാൾ വധഭീഷണി നടത്തിയത്.

എകെ സിദ്ദിഖ് എന്ന പേരിലുള്ള ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നായിരുന്നു അബ്ദുള്ളക്കുട്ടിയ്ക്ക് വധഭീഷണി ലഭിച്ചത്. ഈ അക്കൗണ്ട് വ്യാജമാണോയെന്ന് പോലീസ് പരിശേധിക്കുകയാണ്. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ബിജെപി നേതാവ് വി പി കൃഷ്ണരാജ് മാഹിയാണ് പോലീസിൽ പരാതി നൽകിയത്. എന്നാൽ പോലീസ് നടപടി സ്വീകരിച്ചില്ലെന്നാണ് ഉയരുന്ന ആരോപണം. കേരളാ പോലീസ് പരാതി രജിസ്റ്റർ ചെയ്യാതിരുന്നതുകൊണ്ടാണ് മംഗളുരു പോലീസിന് പരാതി നൽകിയതെന്ന് അബ്ദുള്ളക്കുട്ടി അറിയിച്ചു.

വാരിയംകുന്നത്ത് കുഞ്ഞമഹമ്മദ് ഹാജിയുടെ പേരിൽ സ്മാരകമുണ്ടാക്കുന്നതും വാരിയംന്നത്ത് നടത്തിയത് സ്വാതന്ത്ര്യസമരമാണെന്നു പറഞ്ഞു കൊട്ടിഘോഷിക്കുന്നതും ചരിത്രത്തോടു കാണിക്കുന്ന ക്രൂരതയാണെന്നായിരുന്നും എ പി അബ്ദുള്ളക്കുട്ടി അഭിപ്രായപ്പെട്ടിരുന്നു. വാരിയംകുന്നന്റെ ആക്രമണത്തിന് ഇഎംഎസും കുടുംബവും ഇരകളായിരുന്നു. ഇക്കാര്യം വാരിയംകുന്നത്തിന് സ്മാരകം പണിയാൻ നടക്കുന്ന ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.