തിരുവനന്തപുരം: മൊബൈൽ ആപ്പിലൂടെ മത്സ്യം ഉപഭോക്താക്കൾക്കെത്തിക്കുന്ന മീമീ ഫിഷ് ആപ്പ് പുറത്തിറക്കി. ഫിഷറീസ് വകുപ്പിൻറെ നേതൃത്വത്തിലുള്ള ആപ്പ് മന്ത്രി സജി ചെറിയാനാണ് പുറത്തിറക്കിയത്. മീമീ ആപ്പിലൂടെയുള്ള ആദ്യ വിൽപന ചലച്ചിത്രതാരവും അവതാരകയുമായ ആനിക്കു നൽകിയാണ് മന്ത്രി ഉദ്ഘാടനം നിർവ്വഹിച്ചത്.
കടൽ മത്സ്യങ്ങൾക്കും ഉൾനാടൻ മത്സ്യങ്ങൾക്കുമൊപ്പം 20 ഓളം മൂല്യവർധിത ഉത്പന്നങ്ങളും ജനങ്ങൾക്ക് ലഭ്യമാക്കാൻ മീമി ആപ്പിലൂടെ സാധിക്കുമെന്ന് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി. തുടക്കത്തിൽ കൊല്ലം ജില്ലയിലാണ് ആപ്പിന്റെ സേവനം ലഭിക്കുക. തുടർന്ന് ആലപ്പുഴ, പത്തനംതിട്ട ജില്ലകളുടെ വിവിധ ഭാഗങ്ങളിലും ഉത്പന്നങ്ങൾ വീടുകളിലെത്തിച്ചു നൽകും. കൊല്ലത്ത് ഇതിനായി 12 കിയോസ്‌ക്കുകൾ ആരംഭിച്ചിട്ടുണ്ട്. കിയോസ്‌ക്കുകളിൽ മികച്ച ശീതീകരണ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. പുതിയ സംരംഭത്തിലൂടെ കൂടുതൽ യുവാക്കൾക്ക് തൊഴിൽ ലഭ്യമാക്കാനാവുമെന്നാണ് കരുതുന്നത്. കൊല്ലം ശക്തികുളങ്ങര ഫിഷ് പ്രോസസിംഗ് പ്ളാന്റിൽ സൗരോർജ സംവിധാനം വഴി മത്സ്യം അണുമുക്തമാക്കി ഉണക്കി വിപണിയിലെത്തിക്കുന്ന സംവിധാനത്തിനും തുടക്കം കുറിച്ചു.
സംസ്ഥാന തീരദേശ വികസന കോർപറേഷന്റെ (കെഎസ്സിഎഡിസി) സാമൂഹ്യ-സാമ്പത്തിക പദ്ധതിയുടെ ഭാഗമായി ‘പരിവർത്തനം’ എന്ന പദ്ധതിക്ക് കീഴിലാണ് മീമി ആപ്പ് നടപ്പാക്കുന്നത്. കേന്ദ്ര ഫിഷറീസ് ടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ട്, സാറ്റം (സൊസൈറ്റ് ഫോർ അഡ്വാൻസ് ടെക്‌നോളജീസ് ആൻഡ് മാനേജ്മൻറ് ) എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്.
ഗൂഗിൾ പ്ലേ സ്റ്റോർ വഴി ഉപഭോക്താക്കൾക്ക് ആപ് ഡൗൺലോഡ് ചെയ്യാം. മത്സ്യത്തിന് പുറമെ പുതുമയുള്ള മത്സ്യോൽപന്നങ്ങളും ഭാവിയിൽ മീമീ ആപ്പ് വഴി ഉപഭോക്താക്കൾക്ക് എത്തിക്കുമെന്ന് സജി ചെറിയാൻ അറിയിച്ചു. സമീപത്തുള്ള മീമീ സ്റ്റോർ വഴിയോ മീമീ മൊബൈൽ ആപ്പ് വഴിയോ മത്സ്യം വാങ്ങാം.
ഫിഷറീസ് ഡയറക്ടർ ആർ.ഗിരിജ, കെഎസ്സിഎഡിസി എംഡി ഷേഖ് പരീത്, റോയ് നാഗേന്ദ്രൻ (ഓപ്പറേഷൻസ് ഡിവിഷൻ, പരിവർത്തനം) തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഉപഭോക്താക്കളുടെ ആരോഗ്യത്തിന് അതീവ ശ്രദ്ധ നൽകുന്ന മീമീ ഫിഷിന്റെ സംഭരണം, സംസ്‌കരണം, പാക്കിങ് മുതലായവ രാജ്യാന്തര മാനദണ്ഡങ്ങൾ പാലിച്ചാണ് നടത്തുന്നത്. കടലിന്റെ ഏതു ഭാഗത്തുനിന്നു വലയിൽ വീണ മത്സ്യമെന്നത് മുതൽ മത്സ്യബന്ധനത്തൊഴിലാളികളുടെയും വള്ളങ്ങളുടെയും വിവരമടക്കം ഉപഭോക്താക്കൾക്ക് അറിയാനാകുമെന്നതാണ് മീമി ആപ്പിന്റെ സവിശേഷത.
യാതൊരു തരത്തിലുള്ള രാസവസ്തുക്കളും മീമീ ഫിഷിന്റെ ഉത്പന്നങ്ങളിൽ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തും. യൂറോപ്യൻ യൂണിയൻ നിഷ്‌കർഷിച്ചിട്ടുള്ള ഗുണമേന്മാ മാനദണ്ഡങ്ങളാണ് സംഭരണം, സംസ്‌കരണം, സൂക്ഷിക്കൽ മുതലായവയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. സിഫ്റ്റ് വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ ഉപയോഗിച്ച് പിടിച്ച മത്സ്യത്തെ ഉടനെതന്നെ ശീതീകരണ സംവിധാനത്തിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്.
ഇടയ്ക്ക് വച്ച് പഠനം മുടങ്ങിയ ബിരുദ വിദ്യാർഥികളെയാണ് ഹോം ഡെലിവറിക്കായി നിയോഗിക്കുന്നത്. അതോടൊപ്പം അവർക്ക് വേണ്ട അക്കാദമിക പരിശീലനം നൽകുകയും ബിരുദപഠനം പൂർത്തിയാക്കുന്നതിന് സഹായിക്കുകയും ചെയ്യാനാണ് പദ്ധതി. കടലിൽ വച്ചുതന്നെ മത്സ്യബന്ധന തൊഴിലാളികൾക്ക് നിശ്ചിത വില ലഭിക്കുന്നതിനാൽ കരയിലെത്താൻ വേഗം കൂട്ടി ബോട്ട് ഓടിക്കേണ്ട അവസ്ഥ ഇല്ലാതാകും, ഇന്ധനച്ചെലവ് 70 ശതമാനംവരെ കുറയ്ക്കാനും സാധിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത.
മീമീ ഫിഷുമായി സഹകരിക്കുന്ന എല്ലാ ബോട്ടുകളിലും റേഡിയോ ഫ്രീക്വൻസി ഉപയോഗിക്കുന്ന ഐസ് പെട്ടികളാണ് നൽകുന്നത്. അതിനാൽ മത്സ്യം പിടിച്ച ദിവസം, സമയം, സ്ഥലം, വള്ളത്തിന്റെയും തൊഴിലാളികളുടെയും വിവരങ്ങൾ എന്നിവ ലഭ്യമാകും. മത്സ്യം എവിടെനിന്നു വന്നുവെന്നതിന്റെ 100 ശതമാനം വിവരങ്ങളും ലഭ്യമാകും.
ഡിസി കറന്റ മുഖേന ശീതീകരണ സംവിധാനം പ്രവർത്തിക്കുന്നതിനാൽ വൈദ്യുത തടസ്സം ഉണ്ടായാലും മീൻ കേടുകൂടാതെയിരിക്കും. കെഎസ്ഇബിയിൽനിന്നും വൈദ്യുതി ലഭിക്കാത്തയിടങ്ങളിൽ സൗരോർജവുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ ശീതീകരണ സംവിധാനത്തിൽ തടസ്സമില്ലാതെ വൈദ്യുതി ലഭിക്കും. എലി, മറ്റ് ക്ഷുദ്രജീവികൾ മുതലായവയുടെ ശല്യം ഗോഡൗണിലും മീമീ സ്റ്റോറുകളിലും ഉണ്ടാകാതിരിക്കാനുള്ള സെൻസർ സംവിധാനവും മീമി സ്റ്റോറുകളിലുണ്ട്. മീമീ ഉൽപന്നങ്ങൾ മാത്രമേ സ്റ്റോറുകൾ വഴി വിൽക്കുന്നുള്ളൂവെന്ന് ഉറപ്പുവരുത്താനായി സിസിടിവി സൗകര്യവും ഒരുക്കും.
ഏത് കാലാവസ്ഥയിലും ഗുണമേന്മ കാത്തുസൂക്ഷിക്കാൻ അത്യാധുനിക രീതിയിൽ പ്രത്യേകം തയാർ ചെയ്ത വാഹനങ്ങളിലാണ് ഹോം ഡെലിവറി സംവിധാനം ഒരുക്കിയിട്ടുള്ളത്.

