ന്യൂഡൽഹി: ഡിസിസി അദ്ധ്യക്ഷന്മാരുടെ പട്ടികയുമായി ബന്ധപ്പെട്ട് ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും നടത്തിയ പരാമർശങ്ങളെ തളളി കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരൻ. ഏറെനാൾ രണ്ടുപേർ ചേർന്ന് കാര്യങ്ങൾ നിശ്ചയിച്ചുവെന്നും അതിൽ നിന്നും മാറിയ ഒരു സംവിധാനമുണ്ടാകുമ്പോൾ ഇത്തരം അഭിപ്രായ പ്രകടനങ്ങൾ സ്വാഭാവികമല്ലേയെന്നും അദ്ദേഹം ചോദിച്ചു.
താൻ നാല് വർഷം കെപിസിസി വർക്കിംഗ് പ്രസിഡന്റായിരുന്നു. അന്ന് പാർട്ടിയിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്നും ഇരുവരും ഗ്രൂപ്പ് അടിസ്ഥാനത്തിൽ ചർച്ച നടത്തി വീതം വയ്ക്കുകയായിരുന്നു പതിവെന്നും അദ്ദേഹം വിമർശിച്ചു. ഡിസിസി അദ്ധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയുമായി മൂന്ന് തവണയും ചെന്നിത്തലയുമായി രണ്ട് തവണയും ചർച്ച നടത്തി. അവരുടെ അഭിപ്രായം എഴുതിയ ഡയറിക്കുറിപ്പിനെ കുറിച്ചും സുധാകരൻ ചൂണ്ടിക്കാട്ടി.
ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് പാർട്ടി അച്ചടക്കം ലംഘിച്ച് ദൃശ്യമാദ്ധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയ രണ്ടു പേർക്കെതിരെ നടപടി സ്വീകരിച്ചു. മുൻ എം.എൽ.എ കെ ശിവദാസൻ നായർക്കെതിരെയും മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറി കെ പി അനിൽ കുമാറിനെതിരെയുമാണ് നടപടി എടുത്തത്. ഇരുവരെയും പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്തു. പാർട്ടിയ്ക്ക് മുന്നോട്ട് പോകാൻ മാർഗമില്ലെങ്കിൽ നടപടിയെടുക്കണ്ടേയെന്നാണ് കെ സുധാകരൻ ചോദിക്കുന്നത്. വ്യക്തതയില്ലാത്ത കാര്യത്തിനാണ് വിശദീകരണം ചോദിക്കുക. ഇവിടെ കാര്യങ്ങൾ വ്യക്തമല്ലേയെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻചാണ്ടിയുടെ വിമർശനത്തിൽ ദു:ഖമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.