കോട്ടയം: കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല. തന്നോട് കൂടിയാലോചിച്ചില്ലെങ്കിലും ഉമ്മൻ ചാണ്ടിയോട് ആലോചിക്കണമായിരുന്നുവെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. ഡിസിസി പുന:സംഘടനയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പ്രായത്തിന്റെ കാര്യം പറഞ്ഞ് മാറ്റിനിർത്തേണ്ട കാര്യമില്ല. തനിക്ക് 64 വയസേയുള്ളൂ. ഉമ്മൻ ചാണ്ടിയെ മാറ്റിനിർത്താൻ ആർക്കും കഴിയില്ല. താനും ഉമ്മൻ ചാണ്ടിയും കോൺഗ്രസിനെ നയിച്ച 17 വർഷകാലം വലിയ നേട്ടം കൈവരിച്ചു. അധികാരം കിട്ടിയപ്പോൾ താൻ ധാർഷ്ട്യം കാട്ടിയിട്ടില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. കോട്ടയം ഡിസിസി അധ്യക്ഷൻ സ്ഥാനമേൽക്കുന്ന ചടങ്ങിലായിരുന്നു ചെന്നിത്തല ഇക്കാര്യം വ്യക്തമാക്കിയത്.
കോൺഗ്രസിൽ ചില പ്രശ്നങ്ങൾ ഉണ്ട് എന്നത് യാഥാർഥ്യമാണ്. കരുണാകരൻ പോയപ്പോൾ ഉമ്മൻ കോൺഗ്രസ് എന്ന് പറഞ്ഞു. 17 വർഷം താനും ഉമ്മൻ ചാണ്ടിയും കോൺഗ്രസിനെ നയിച്ചു. താൻ കെപിസിസി പ്രസിഡന്റും ഉമ്മൻ ചാണ്ടി പാർലമെന്ററി പാർട്ടി നേതാവുമായി. ആ കാലയളവിൽ വലിയ വിജയമാണ് കോൺഗ്രസിന് തെരഞ്ഞെടുപ്പുകളിൽ ഉണ്ടായത്. ത്യാഗോജ്വലമായ പ്രവർത്തനം ആണ് അന്ന് നടന്നത്. അത്ഭുതകരമായ തിരിച്ചുവരവാണ് അന്ന് കോൺഗ്രസ് നടത്തിയതെന്നും കെ കരുണാകരനും കെ മുരളീധരനും പാർട്ടിയിൽ പിന്നീട് തിരിച്ചു വന്നെന്നും ചെന്നിത്തല പറഞ്ഞു.
കെ സി ജോസഫും നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ചു. ഉമ്മൻ ചാണ്ടിയെ രാഷ്ട്രീയം പഠിപ്പിക്കാൻ ആരും വളർന്നിട്ടില്ല. ഉമ്മൻ ചാണ്ടിയെ ആക്ഷേപിച്ചവർക്കെതിരെ നടപടിയെടുക്കാൻ സംസ്ഥാന നേതൃത്വം തയ്യാറായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചിലർക്കെതിരെ മാത്രം നടപടിയെടുക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

