ന്യൂഡൽഹി: ഡൽഹി നിയമസഭാ മന്ദിരത്തിനുള്ളിൽ രഹസ്യ തുരങ്കം. സഭാമന്ദിരത്തെയും ചെങ്കോട്ടയെയും തമ്മിൽ ബന്ധിപ്പിക്കുന്ന രഹസ്യ തുരങ്കമാണ് കണ്ടെത്തിയിരിക്കുന്നത്. ഡൽഹി നിയമസഭാ സ്പീക്കർ രാം നിവാസ് ഗോയലാണ് ഇക്കാര്യം അറിയിച്ചത്. ബ്രിട്ടീഷ് ഭരണകാലത്ത് സ്വാതന്ത്ര്യസമര സേനാനികളെ കൊണ്ടുപോകുന്നതിനും കൊണ്ടുവരുന്നതിനുമാണ് ഈ പാത പ്രയോജനപ്പെടുത്തിയിരുന്നതെന്നാണ് റിപ്പോർട്ട്.
1993-ൽ ഈ തുരങ്കത്തെ കുറിച്ച് താൻ കേട്ടിരുന്നുവെന്നും എന്നാൽ തുരങ്കത്തിന്റെ ചരിത്രത്തെ കുറിച്ച് അന്വേഷിക്കാൻ ശ്രമിച്ചെങ്കിലും വ്യക്തയുണ്ടായില്ലെന്നും അദ്ദേഹം അറിയിച്ചു. ഇപ്പോൾ തുരങ്കമുഖം എവിടെയാണെന്ന് കണ്ടെത്താൻ കഴിഞ്ഞു പക്ഷെ തുരങ്കം കൂടുതൽ കുഴിച്ചു നോക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും സ്പീക്കർ വിശദമാക്കി. മെട്രോ പദ്ധതികളുടെയും ഓവുചാൽ നിർമ്മാണങ്ങളുടെയും ഭാഗമായി തുരങ്കത്തിന്റെ എല്ലാ വഴികളും നശിപ്പിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം 1912-ലാണ് കൊൽക്കത്തയിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റുന്നത്. ശേഷം സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലി ആയാണ് ഈ മന്ദിരം ഉപയോഗിച്ചിരുന്നത്. തുടർന്ന് 1926-ൽ ഈ മന്ദിരം കോടതിയാക്കി മാറ്റി. സ്വാതന്ത്ര്യസമര സേനാനികളെ ഈ കോടതിയിലേക്ക് കൊണ്ടുവരുന്നതിന് ബ്രിട്ടീഷുകാർ ഈ തുരങ്കം ഉപയോഗിച്ചിരുന്നുവെന്ന് ഗോയൽ വിശദീകരിച്ചു.
ഇവിടെ കഴുമരമുള്ള മുറിയെ കുറിച്ച് എല്ലാവർക്കും അറിയാം. എന്നാൽ ആ മുറി ഇതുവരെ തുറന്നിട്ടില്ല. എന്നാൽ ഇത് സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികമാണ്. ആ മുറി തുറന്നുപരിശോധിക്കാൻ തീരുമാനിച്ചു. ആ മുറി സ്വാതന്ത്ര്യസമര സേനാനികൾക്ക് ആദരാഞ്ജലി അർപ്പിക്കാനുള്ള സ്മൃതികുടീരമാക്കി മാറ്റാൻ ഞങ്ങൾ ഉദ്ദേശിക്കുകയാണ്. ഡൽഹി നിയമസഭാ മന്ദിരത്തിന് രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരവുമായി നിർണായക ബന്ധമുണ്ട്. ഈ പശ്ചാത്തലത്തിൽ കഴുമരമുള്ള മുറി അടുത്ത സ്വാതന്ത്ര്യ ദിനം മുതൽ വിനോദ സഞ്ചാരികൾക്കായി തുറന്നു കൊടുത്തേക്കുമെന്നും ഈ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആരംഭിച്ചതായും ഗോയൽ കൂട്ടിച്ചേർത്തു.

