രാജ്യത്ത് അവശ്യ മരുന്നുകളുടെ വില പുതുക്കി കേന്ദ്ര സർക്കാർ; 39 മരുന്നുകളുടെ വില കുറയും

ന്യൂഡൽഹി: രാജ്യത്ത് അവശ്യ മരുന്നുകളുടെ വില പുതുക്കി കേന്ദ്ര സർക്കാർ. ഫലപ്രദമല്ലെന്ന് കണ്ടെത്തിയ 16 മരുന്നുകൾ കേന്ദ്ര സർക്കാർ പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. പുതുക്കിയ പട്ടികയിൽ കാൻസറിനും ഹൃദ്രോഗ ചികിൽസയ്ക്കും ഉപയോഗിക്കുന്നവ അടക്കം 39 മരുന്നുകളുടെ വില കുറയും. അസാസൈറ്റിഡിനും ഫുൾവെസ്ട്രൻറും ലെനലിഡോമൈഡും അടക്കമുള്ള കാൻസർ മരുന്നുകളാണ് അവശ്യമരുന്നുകളുടെ പട്ടികയിൽ സർക്കാർ ഉൾപ്പെടുത്തിയിരിക്കുന്നത്. കാൻസർ മരുന്നുകളുടെ വിലയിൽ 80 ശതമാനം വരെയാണ് കുറവുണ്ടാകുക.

അമിക്കാസിനും ഫിനോക്‌സിമിതൈൽ പെനിസിലിനും അടക്കം 7 ആന്റിബയോട്ടിക്കുകളെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ക്ഷയം, പ്രമേഹം, കോവിഡ്, രക്താദിസമ്മർദം എന്നിവയ്ക്കുള്ള മരുന്നുകളുടെയും വില കുറയും. 374 ഓളം മരുന്നുകളാണ് അവശ്യമരുന്നുകളുടെ പട്ടികയിലുള്ളത്. രാജ്യത്ത് വിൽപനയിലുള്ള മരുന്നുകളുടെ 18 ശതമാനമാണ് ഇതോടെ വില നിയന്ത്രണത്തിന്റെ കീഴിൽ വരുന്നത്. കേന്ദ്ര ആരോഗ്യ ഗവേഷണ സെക്രട്ടറിയും ഐസിഎംആർ മേധാവിയുമായ ബൽറാം ഭാർഗവയുടെ നേതൃത്വത്തിലുള്ള സമിതിയാണ് ആവശ്യ മരുന്നുകളുടെ പട്ടിക പുതുക്കിയത്. അഞ്ചു വർഷംകൂടുമ്പോഴാണ് പട്ടിക പുതുക്കി പ്രസിദ്ധീകരിക്കുന്നത്.