പൊതുജനങ്ങളുമായി ഇടപഴകുമ്പോൾ പോലീസ് മാന്യമായ ഭാഷ ഉപയോഗിക്കണം; നിർദ്ദേശം നൽകി ഹൈക്കോടതി

കൊച്ചി: പൊതുജനങ്ങളുമായി ഇടപഴകുമ്പോൾ പോലീസ് മാന്യമായ ഭാഷ ഉപയോഗിക്കണമെന്ന് നിർദ്ദേശം നൽകി ഹൈക്കോടതി. ഇക്കാര്യം വ്യക്തമാക്കി ഡിജിപി സർക്കുലർ ഇറക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. തൃശൂർ ചേർപ്പ് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട പോലീസ് അതിക്രമ കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബെഞ്ചാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

സംസ്ഥാനത്ത് അടുത്തിടെ പോലീസിന്റെ പെരുമാറ്റത്തിനെതിരെ വ്യാപകമായ വിമർശനങ്ങൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കോടതിയുടെ സുപ്രധാന ഉത്തരവ് പുറത്തുവന്നിരിക്കുന്നത്. അതേസമയം നോക്കുകൂലി സമ്പ്രദായം നിർത്തലാക്കണമെന്നും കോടതി നിർദ്ദേശിച്ചു. നോക്കുകൂലി കേരളത്തിന് ഭൂഷണമല്ലെന്നും ഇത് കേരളത്തിനെതിരായ പ്രചാരണത്തിന് കാരണമാകുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. സർക്കാർ ഇക്കാര്യത്തിൽ നിലപാട് സ്വീകരിക്കണം. ചുമട്ടുതൊഴിലാളികളുടെ പ്രശ്നങ്ങൾ നിയമപരമായാണ് പരിഹരിക്കേണ്ടതെന്നും പരിഹാരം നോക്കുകൂലി അല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ സർക്കാരിന്റെ കാലം മുതൽ നോക്കുകൂലിക്കെതിരെ കർശന നിലപാട് സ്വീകരിച്ചിട്ടുണ്ടെന്ന് സർക്കാർ കോടതിയിൽ വിശദമാക്കി.