അഹമ്മദാബാദ്: ഭൂപേന്ദ്ര പട്ടേലിനെ ഗുജറാത്ത് മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു. ഞായറാഴ്ച ചേർന്ന ബിജെപി എംഎൽഎമാരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. കേന്ദ്ര മന്ത്രി നരേന്ദ്ര സിങ് തോമറാണ് പ്രഖ്യാപനം നടത്തിയത്.
ശനിയാഴ്ച വിജയ് രൂപാണി ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. തുടർന്നാണ് പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും തീരുമാനമനുസരിച്ചാണ് പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തതെന്നാണ് റിപ്പോർട്ട്. സെപ്റ്റംബർ 13 നാണ് പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ. ഘട്ലോദിയയിൽ നിന്നുള്ള എംഎൽഎയാണ് ഭൂപേന്ദ്ര പട്ടേൽ. 1.1 ലക്ഷം വോട്ടുകൾക്കാണ് അദ്ദേഹം വിജയിച്ചത്. നേരത്തെ അഹമ്മദാബാദ് അർബൻ ഡവലപ്മെന്റ് അതോറിറ്റി ചെയർമാനായിരുന്നു അദ്ദേഹം.
കാലാവധി അവസാനിക്കാൻ ഒരു വർഷം ബാക്കിയിരിക്കേ അപ്രതീക്ഷിതമായിരുന്നു വിജയ് രൂപാണി രാജിവെച്ചത്. കോവിഡ് പ്രതിസന്ധിയെ നേരിടുന്നതിൽ രൂപാണി പൂർണ പരാജയമായിരുന്നു എന്ന ആരോപണം ഉയർന്നിരുന്നു. ഗുജറാത്ത് ബിജെപി സംസ്ഥാനാധ്യക്ഷൻ സി.ആർ. പാട്ടീലുമായി ഭിന്നതകളുണ്ടായതും രൂപാണിക്ക് തിരിച്ചടിയായെന്നാണ് വിവരം. ഉദ്യോഗസ്ഥർക്കെതിരേ എം.എൽ.എ.മാർ രംഗത്തുവന്നതിനാൽ പാർട്ടിക്ക് മേൽനോട്ട സംവിധാനം ഉണ്ടാക്കേണ്ടിവന്നു. ബിജെപി എംഎൽഎമാരെ ഒന്നിച്ചു കൊണ്ടുപോകുന്നതിൽ അദ്ദേഹം പരാജയപ്പെട്ടെന്നും ഉദ്യോഗസ്ഥരുടെ മേലുള്ള നിയന്ത്രണം അദ്ദേഹത്തിന് നഷ്ടപ്പെട്ടുവെന്നും ചില കേന്ദ്രങ്ങളിൽ നിന്ന് വിമർശനങ്ങളുണ്ടായിരുന്നു.

