വിദ്യാർഥികൾക്ക് എല്ലാം വായിക്കാം, എല്ലാം ചർച്ച ചെയ്യാം; കണ്ണൂർ സർവകലാശാലയിലെ വിവാദ സിലബസിന് പിന്തുണച്ച് ശശി തരൂർ

തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയിലെ വിവാദ സിലബസിന് പിന്തുണയുമായി കോൺഗ്രസ് എംപി ശശി തരൂർ. വിമർശനാത്മകമായി ഗോൾവാൾക്കറും സവർക്കറും സിലബസിൽ ഉൾപ്പെടുന്നതിൽ തെറ്റില്ലെന്നാണ് ശശി തരൂർ പറയുന്നത്. ഇഷ്ടമുള്ള കാര്യങ്ങൾ മാത്രമേ വായിക്കൂ എങ്കിൽ സർവകലാശാലയിൽ പോയിട്ട് കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സിലബസിൽ ഇത്തരം വിഷയങ്ങൾ ഉൾപ്പെടുത്തിയാൽ അധ്യാപകർ പഠിപ്പിക്കുമ്പോൾ വിദ്യാർഥികൾ ഇതൊക്കെ യാഥാർഥ്യമാണെന്ന് വിശ്വസിക്കും എന്നാണ് ചിലർ പറയുന്നത്. എന്നാൽ ഇത്തരത്തിലുള്ള സാഹചര്യം ഇല്ലാതാക്കാൻ അധ്യാപകർക്ക് ഉത്തരവാദിത്തമുണ്ട്. സവർക്കറും ഗോൾവാൾക്കറും പുസ്തകം എപ്പോൾ എഴുതി, ആ സമയത്ത് ലോകത്ത് എന്തായിരുന്നു സംഭവിച്ചുകൊണ്ടിരുന്നത്, എന്താണ് അവരുടെ വിശ്വാസം എന്നതൊക്കെ മനസ്സിലാക്കി വിമർശനാത്മകമായി പുസ്തകത്തെ മനസ്സിലാക്കുന്നതിൽ ഒരു തെറ്റും കാണുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആ പുസ്തകം മാത്രമായിരുന്നു സിലബസിൽ ഉൾപ്പെടുത്തിയിരുന്നതെങ്കിൽ അത് ശരിയല്ലായിരുന്നു. എന്നാൽ പല പുസ്തകങ്ങൾക്കിടയിൽ ഈ പുസ്തകങ്ങളും ഉണ്ട്. ഒരു യൂണിവേഴ്‌സിറ്റിക്കകത്ത് കയറിക്കഴിഞ്ഞാൽ പല അഭിപ്രായങ്ങളും ഉണ്ടാകും. അങ്ങനെ വരുമ്പോൾ ഒരു പുസ്തകം ഒരു സർവകലാശാലയിൽ ഉണ്ടാകരുതെന്ന് പറയാൻ സാധിക്കില്ല. വിദ്യാർഥികൾക്ക് എല്ലാം വായിക്കാം, എല്ലാം ചർച്ച ചെയ്യാം എന്നുണ്ടെങ്കിൽ അതിൽ തെറ്റില്ലെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.