കോഴിക്കോട്: എം.എസ്.എഫ് വനിതാ വിഭാഗം ഹരിതയുടെ സംസ്ഥാന കമ്മിറ്റി പുന:സംഘടിപ്പിച്ചു. പി എച്ച് ആയിഷ ബാനുവാണ് ഹരിതയുടെ പുതിയ സംസ്ഥാന പ്രസിഡന്റ്. റുമൈസ റഫീഖിനെയാണ് ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തിരിക്കുന്നത്. നയന സുരേഷാണ് പുതിയ കമ്മിറ്റിയുടെ ട്രഷറർ.
എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെതിരെ വനിതാ കമ്മീഷനിൽ നൽകിയ പരാതി പിൻവലിക്കാത്തതിനെ തുടർന്നാണ് മുസ്ലീം ലീഗ് നേതൃത്വം കഴിഞ്ഞ ദിവസം ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചു വിട്ടത്. പിരിച്ചുവിട്ട കമ്മിറ്റിയിലെ ട്രഷററായിരുന്നു ഇപ്പോഴത്തെ പ്രസിഡൻറ് ആയിഷ ബാനു. ജനറൽ സെക്രട്ടറിയായ റുമൈസ റഫീഖ് നേരത്തെ കണ്ണൂർ ജില്ലാ പ്രസിഡൻറും ട്രഷററായ നയന സുരേഷ് മലപ്പുറം ജില്ലാ ഭാരവാഹിയും ആയിരുന്നു.
ജൂൺ 22 ന് കോഴിക്കോട്ട് എം എസ് എഫ് സംസ്ഥാന സമിതി യോഗത്തിനിടെ പി കെ നവാസും മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി വി അബ്ദുൾ വഹാബും നടത്തിയ ലൈംഗീക അധിക്ഷേപം ചൂണ്ടിക്കാട്ടിയാണ് പഴയ ഹരിത സംസ്ഥാന കമ്മിറ്റിയിലെ 10 നേതാക്കൾ വനിതാ കമ്മിഷന് പരാതി നൽകിയത്. സമവായ ചർച്ചകളെത്തുടർന്ന് നവാസും കബീർ മുതുപറമ്പിലും സമൂഹ മാദ്ധ്യമത്തിലൂടെ മാപ്പ് പറഞ്ഞിരുന്നു. എന്നാൽ മാപ്പല്ല സംഘടനാ തലത്തിലുളള നടപടിയാണ് വേണ്ടതെന്നായിരുന്നു ഹരിത നേതാക്കളുടെ നിലപാട്. നവാസ് അടക്കമുളള എം.എസ്.എഫ് നേതാക്കൾക്ക് എതിരെ നടപടിയെടുക്കാതെ വനിതാ കമ്മീഷന് നൽകിയ പരാതി പിൻവലിക്കില്ലെന്നായിരുന്നു ഹരിത നേതാക്കൾ അറിയിച്ചിരുന്നത്. തുടർന്നാണ് ലീഗ് സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടത്. ഹരിത നേതാക്കൾ അച്ചടക്കം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

