തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സസീശൻ. പാലാ ബിഷപ്പിന്റെ നർക്കോട്ടിക്സ് ജിഹാദ് പരാമർശത്തെ തുടർന്ന് സമൂഹമാദ്ധ്യമങ്ങളിലും മറ്റുമായി നടക്കുന്ന പ്രശ്നവുമായി ബന്ധപ്പെട്ടാണ് വിഡി സതീശൻ സർക്കാരിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്.
സമൂഹമാദ്ധ്യമങ്ങളിൽ വ്യാജ ഐഡിയുണ്ടാക്കി വിദ്വേഷം പ്രചരിപ്പിക്കുന്ന സാഹചര്യത്തിൽ സർക്കാർ നോക്കുകുത്തിയാകരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിദ്വേഷവും വിരോധവും വളർത്താനുളള ശ്രമങ്ങൾ ചെറുക്കണം. വിഷയത്തിൽ സിപിഎമ്മിന് നിഗൂഢമായ അജണ്ടയുണ്ട്. പ്രശ്നത്തിന് പിന്നിൽ സംഘപരിവാർ അജണ്ടയുണ്ട്. രണ്ടു കൂട്ടരും തമ്മിലടിക്കട്ടെയെന്നാണ് സർക്കാർ നിലപാടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രണ്ട് വിഭാഗങ്ങളെ തമ്മിലടിപ്പിക്കാനുളള ശ്രമം സർക്കാർ തടയണം. ഇരുകൂട്ടരുമായും ചർച്ച നടത്താൻ സർക്കാർ തയ്യാറാകണം. ഒരു വിഭാഗത്തിന് പരാതിയുണ്ടെങ്കിൽ സർക്കാർ അന്വേഷിക്കണമെന്നും ഇക്കാര്യത്തിൽ പ്രതിപക്ഷത്തിന്റെ പൂർണപിന്തുണ സർക്കാരിന് ഉണ്ടാകുമെന്നും വി ഡി സതീശൻ അറിയിച്ചു.

