തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ നാർകോട്ടിക് ജിഹാദ് പരാമർശം ഗുണത്തേക്കാൾ ദോഷമെങ്കിൽ പിൻവലിക്കണമെന്ന് മാർത്തോമ്മാ സഭാ അധ്യക്ഷൻ തിയഡോഷ്യസ് മാർത്തോമ്മാ. എല്ലാ മതാചാര്യന്മാർക്കും ഇത് ബാധകമാണെന്ന് മാർത്തോമ്മാ സഭാ അധ്യക്ഷൻ വ്യക്തമാക്കി. തെറ്റുകൾ ചൂണ്ടികാട്ടുമ്പോൾ വിഭാഗീയതയും രാഷ്ട്രീയ മുതലെടുപ്പും നടത്തുന്നത് ശരിയല്ലെന്നും മത സൗഹാർദ്ദം നിലനിർത്തേണ്ടത് കേരളത്തിന്റെ ആവശ്യമാണെന്ന് തിയഡോഷ്യസ് മെത്രോപ്പൊലീത്ത പറഞ്ഞു.
ലാഭേച്ഛയെ കരുതി മറ്റുള്ളവരുടെ ജീവൻ അപകടപ്പെടുത്തുന്ന പ്രവണതയുണ്ടെങ്കിൽ ദോഷകരം. പ്രസ്താവനകളുടെ പേരിലുള്ള വിവാദങ്ങൾ അവസാനിപ്പിക്കണം. കൂടുതൽ സംസാരിക്കും തോറും മുറിവുകൾ ഉണ്ടാകുകയാണ്. ഉപയോഗിച്ച് കൂടാത്ത വാക്കാണ് പാലാ ബിഷപ്പ് പറഞ്ഞത്. പറയുന്ന കാര്യങ്ങളിൽ സഭ നേതൃത്വം ജാഗ്രത കാട്ടണം. മതസൗഹാർദ്ദം ഉറപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

