പ്രായപൂർത്തിയായ എല്ലാവർക്കും വാക്‌സിന്റെ ആദ്യ ഡോസ് നൽകി ഈ മൂന്ന് സംസ്ഥാനങ്ങൾ; അഭിനന്ദനം അറിയിച്ച് ആരോഗ്യ മന്ത്രി

ന്യൂഡൽഹി: പ്രായപൂർത്തിയായ മുഴുവൻ പേർക്കും കോവിഡ് വാക്‌സിന്റെ ആദ്യഡോസ് നൽകി മൂന്ന് സംസ്ഥാനങ്ങളും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളും. ഹിമാചൽ പ്രദേശ്, ഗോവ, സിക്കിം എന്നീ സംസ്ഥാനങ്ങളാണ് അർഹരായ മുഴുവൻ പേർക്കും കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് നൽകിയത്. ദാദ്രാ ആൻഡ് നാഗർഹവേലി-ദാമൻ ആൻഡ് ദിയു, ലഡാക്ക്, ലക്ഷദ്വീപ് എന്നിവയാണ് വാക്‌സിന്റെ മുഴുവൻ ഡോസും നൽകിയ കേന്ദ്ര ഭരണ പ്രദേശങ്ങൾ.

ഈ നേട്ടം കൈവരിച്ച സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അഭിനന്ദനം അറിയിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആരോഗ്യ പ്രവർത്തകരെയും അദ്ദേഹം അഭിനന്ദനിച്ചു.

രാജ്യത്ത് പ്രായപൂർത്തിയായ മുഴുവൻ പേർക്കും വാക്സിൻ നൽകിയ ആദ്യ സംസ്ഥാനം ഹിമാചൽ പ്രദേശാണ്. ഓഗസ്റ്റ് 29-നാണ് ഹിമാചൽ ഈ നേട്ടം കൈവരിച്ചത്. സെപ്റ്റംബർ പത്തിനാണ് ഗോവ ഈ നേട്ടം കരസ്ഥമാക്കിയത്. ദാദ്ര ആൻഡ് നാഗർഹവേലി- ദാമൻ ആൻഡ് ദിയു-6.26 ലക്ഷം ഡോസ് വാക്സിൻ വിതരണം ചെയ്ത. ലഡാക്ക് 1.97 ലക്ഷം ഡോസുകളും ലക്ഷദ്വീപ് 53,499 ഡോസുകളും വിതരണം ചെയ്തു. ഹിമാചൽ പ്രദേശ് 55.74 ലക്ഷം ഡോസ് വാക്സിനും ഗോവയും സിക്കിമും യഥാക്രമം 11.83 ലക്ഷം ഡോസും 5.10 ലക്ഷം ഡോസും വിതരണം ചെയ്തു.