ന്യൂഡൽഹി: അഫ്ഗാനിസ്താനെ സഹായിക്കാൻ രാജ്യാന്തര സമൂഹം മുന്നോട്ട് വരണമെന്ന് അഭ്യർത്ഥിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. അഫ്ഗാൻ കടുത്ത മാനുഷിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ, കഴിഞ്ഞ കാലത്തെപ്പോലെ രാജ്യത്തിനൊപ്പം നിൽക്കുമെന്ന് അദ്ദേഹം അറിയിച്ചു. അഫ്ഗാൻ നിർണായകവും വെല്ലുവിളി നിറഞ്ഞതുമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അഫ്ഗാനിസ്താനിലെ മാനുഷിക സാഹചര്യം സംബന്ധിച്ച യുഎൻ ഉന്നതതല വെർച്വൽ യോഗത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശങ്ങൾ.
അഫ്ഗാനിസ്താനോടുള്ള ഇന്ത്യയുടെ സമീപനം ഇന്ത്യയുടെ ചരിത്രപരമായ സൗഹൃദത്താൽ നയിക്കപ്പെടുന്നു. അത് ഇനിയും തുടരും. ആഗോള സമവായമുണ്ടാക്കുന്നതിൽ രാജ്യങ്ങളുടെ ചെറിയ ഗ്രൂപ്പുകളേക്കാൾ ബഹുമുഖമായ വേദി കൂടുതൽ ഫലപ്രദമാണെന്നും അഫ്ഗാനെ സഹായിക്കാൻ സാധ്യമായ ഏറ്റവും മികച്ച അന്തരീക്ഷം സൃഷ്ടിക്കാൻ രാജ്യാന്തര സമൂഹം ഒത്തുചേരണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
അഫ്ഗാന്റെ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക, സുരക്ഷാ സാഹചര്യങ്ങളിൽ വലിയ മാറ്റം ഉണ്ടായിട്ടുണ്ട്. മാനുഷിക സഹായത്തിനു തടസ്സമായി ഉയർന്നുവന്നേക്കാവുന്ന യാത്രയുടെയും മറ്റും പ്രശ്‌നങ്ങൾ ഉടൻ പരിഹരിക്കപ്പെടും. അഫ്ഗാനിസ്താനിൽ നിന്ന് പുറത്തേക്കും അഫ്ഗാനിലേക്കും യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്കു തടസ്സങ്ങളില്ലാതെ യാത്ര ചെയ്യാനാവശ്യമായ സൗകര്യങ്ങൾ അനുവദിക്കണം. അടുത്ത അയൽക്കാരനെന്ന നിലയിൽ ആശങ്കകളോടെയാണ് ഇന്ത്യ സംഭവവികാസങ്ങൾ നിരീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

