ന്യൂഡൽഹി: രാജ്യത്ത് വിവിധയിടങ്ങളിൽ സ്‌ഫോടനം നടത്താൻ പദ്ധതിയിട്ടിരുന്ന ആറു ഭീകരർ അറസ്റ്റിൽ. പാകിസ്താനിൽ നിന്ന് പരിശീലനം നേടിയ രണ്ടുപേർ ഉൾപ്പെടെയാണ് പിടിയിലായിരിക്കുന്നത്. ഉത്സവാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിൽ വലിയ സ്‌ഫോടനങ്ങൾ നടത്താനായിരുന്നു ഭീകരർ പദ്ധതിയിട്ടിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഡൽഹി, രാജസ്ഥാൻ, ഉത്തർപ്രദേശ്, സംസ്ഥാനങ്ങളിലെ പോലീസിന്റെ കൂട്ടായ ഓപ്പറേഷനിലൂടെയാണ് ഭീകരരെ അറസ്റ്റ് ചെയ്തത്.
സീഷൻ ഖമർ, ഒസാമ, ജൻ മുഹമ്മദ് അലി ഷെയ്ഖ്, മുഹമ്മദ് അബൂബക്കർ, മൂൽചന്ദ്, മുഹമ്മദ് ആമിർ ജാവേദ് എന്നിവരാണ് അറസ്റ്റിലായത്. ഒരാളെ കോട്ടയിൽ നിന്നും രണ്ടു പേരെ ഡൽഹിയിൽ നിന്നും മൂന്ന് പേരെ ഉത്തർപ്രദേശിൽ നിന്നുമാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു. പാകിസ്താനിലെ ഒരു ഫാം ഹൗസിൽ 15 ദിവസത്തോളം ഭീകരർക്ക് പരിശീലനം ലഭിച്ചിരുന്നുവെന്നാണ് വിവരം. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഐഇഡി സ്‌ഫോടനങ്ങൾ നടത്താനായിരുന്നു ഭീകരർ ആസൂത്രണം ചെയ്തിരുന്നത്.

