തിരുവനന്തപുരം: ആർ.എസ്.പിയ്‌ക്കെതിരെ പരിഹാസവുമായി സി.പി.എം മുൻ സംസ്ഥാന അദ്ധ്യക്ഷൻ കോടിയേരി ബാലകൃഷ്ണൻ. ആർ.എസ്.പി ഇപ്പോൾ സംപൂജ്യരായി കഴിഞ്ഞുവെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ആർ.എസ്.പി നേതൃത്വവുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല. അവർ കുറച്ച് കാലം കൂടി കോൺഗ്രസിൽ നിന്ന് കാര്യങ്ങൾ നന്നായി പഠിക്കട്ടെ, ബാക്കി കാര്യങ്ങൾ അപ്പോൾ ആലോചിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് വിട്ട് നേതാക്കൾ സി.പി.എമ്മിൽ ചേരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പരാമർശം. പാർട്ടി ശക്തി കേന്ദ്രമായ കൊല്ലത്ത് ഉൾപ്പെടെ ആർ.എസ്.പി. യുഡിഎഫിൽ തുടരുന്നതിൽ അതൃപ്തിയുണ്ടല്ലോയെന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
കോൺഗ്രസിന്റെ നാശത്തിന് കാരണം അന്ധമായ സി.പി.എം. വിരോധമാണ്. കേരളത്തിൽ അത് വിലപ്പോവില്ലെന്ന് ഇനിയെങ്കിലും തിരിച്ചറിയണം. കോൺഗ്രസിൽ അതൃപ്തരായി പാർട്ടി വിട്ടുവരുന്ന എല്ലാവരേയും സ്വീകരിക്കുകയെന്നതല്ല സി.പി.എം നയം. വരുന്ന നേതാക്കളുടെ പ്രവർത്തനശൈലി, നിലപാട് എന്നിവ പരിശോധിച്ച ശേഷമാണ് സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുക. പാർട്ടിയുടേയും മുന്നണിയുടേയും ജനകീയ അടിത്തറ കൂടുതൽ ശക്തിപ്പെടാൻ കോൺഗ്രസ് വിട്ട് നേതാക്കൾ എത്തുന്നത് സഹായകമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പുതിയ നേതൃത്വത്തിൽ വരുന്നവരെല്ലാം കോൺഗ്രസിനെ ശക്തിപ്പെടുത്തുമെന്ന് അവകാശവാദം ഉന്നയിച്ചിട്ടുള്ളവരാണ്. മുല്ലപ്പള്ളിയും ചെന്നിത്തലയുമെല്ലാം ഇത്തരം അവകാശവാദങ്ങൾ ഉന്നയിച്ചിരുന്നു. ഉപ്പുചാക്ക് വെള്ളത്തിൽ വെച്ച അവസ്ഥയാണ് ഇപ്പോൾ കോൺഗ്രസിനെന്നും കോടിയേരി പരിഹസിച്ചു.

