എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെതിരെ പ്രമേയം പാസാക്കി യൂത്ത് കോൺഗ്രസ്

തിരുവനന്തപുരം: എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ പ്രമേയം പാസാക്കി യൂത്ത് കോൺഗ്രസ്. തിരുവനന്തപുരം യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി കെ.സി. വേണുഗോപാലിനെതിരെ പ്രമേയം പാസാക്കിയത്. കെ സി വേണുഗോപാൽ കോൺഗ്രസിൽ പുതിയ ഗ്രൂപ്പ് ഉണ്ടാക്കിയെന്നാണ് യൂത്ത് കോൺഗ്രസ് ആരോപിക്കുന്നത്.

അതേസമയം വർക്കല നെടുമങ്ങാട് യൂത്ത് കോൺഗ്രസ് കമ്മിറ്റികൾ ദേശീയ നേതൃത്വം മരവിപ്പിച്ചു. സംസ്ഥാന നേതൃത്വത്തെ മറികടന്ന് തീരുമാനങ്ങൾ എടുക്കുന്നതിൽ അതൃപ്തി അറിയിച്ച് ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. യൂത്ത് കോൺഗ്രസിനെ ഹൈജാക്ക് ചെയ്യാൻ കെ.സി. വേണുഗോപാൽ ശ്രമിക്കുന്നുവെന്ന ആരോപണവും ശക്തമാണ്. താഴേത്തട്ടിലേക്ക് കെ സി. വേണുഗോപാൽ ഇടപെടുന്നത് അനുചിതമാണെന്നാണ് പരാതിയും ഉയർന്നിട്ടുണ്ട്.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ.യുടെ മകൻ അർജുൻ രാധാകൃഷ്ണനെ യൂത്ത് കോൺഗ്രസ് സംസ്ഥാന വക്താവായി ദേശീയ നേതൃത്വം നിയമിച്ചതിനെതിരെയും പ്രതിഷേധം ശക്തമാകുന്നുണ്ട്. ഡി.സി.സി പ്രസിഡന്റ് നിയമനവുമായി ബന്ധപ്പെട്ട് ഉമ്മൻചാണ്ടിയെ തള്ളിപ്പറഞ്ഞതിനുള്ള പ്രതിഫലമായാണ് കെ സി. വേണുഗോപാൽ തിരുവഞ്ചൂരിന്റെ മകന് നേരിട്ട് നിയമനം നൽകിയതെന്നാണ് ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല വിഭാഗങ്ങൾ ആരോപിക്കുന്നത്.

കേരളത്തിലെ മുഴുവൻ സംഘടന കാര്യങ്ങളിലും കെ.സി. വേണുഗോപാൽ അനാവശ്യമായി കൈകടത്തുന്നു എന്ന പരാതി ഉയർത്താനാണ് ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല വിഭാഗങ്ങളുടെ തീരുമാനം.