തിരുവനന്തപുരം: ഹെലികോപ്ടറിന്റെ വാടകയിനത്തിലായി കഴിഞ്ഞ ഒരു വർഷം കേരള പൊലീസ് ചെലവിട്ടത് 22 കോടിയിലധികം രൂപ. വിവരാവകാശ നിയമപ്രകാരമുള്ള രേഖകളിലാണ് എന്നാൽ ഇക്കാലയളവിൽ ഹെലികോപ്ടർ എന്തൊക്കെ ആവശ്യത്തിന് ഉപയോഗിച്ചുവെന്ന കാര്യത്തിൽ കേരളാ പോലീസിന് കൃത്യമായ മറുപടിയില്ല.
2020 ഏപ്രിൽ മാസത്തിലാണ് പോലീസിന്റെ അടിയന്തരാവശ്യത്തിനെന്ന പേരിൽ ഹെലികോപ്ടർ വാടകയ്ക്കെടുത്തത്. കോവിഡ് വൈറസ് വ്യാപനത്തിന്റെ ഒന്നാം തരംഗം റിപ്പോർട്ട് ചെയ്യപ്പെട്ട സമയത്തായിരുന്നു അത്. ഡൽഹിയിലെ പൊതുമേഖലാ സ്ഥാപനമായ പവൻ ഹൻസിൽ നിന്നാണ് പൈലറ്റ് ഉൾപ്പെടെ മൂന്ന് ജീവനക്കാരുമായി 11 സീറ്റുള്ള ഇരട്ട എഞ്ചിൻ ഹെലികോപ്ടർ കേരളാ പോലീസ് വാടകക്കെടുത്തത്. ഇരുപത് മണിക്കൂർ പറത്താൻ 1.44 കോടി വാടകയും അതിൽ കൂടുതലായാൽ മണിക്കൂറിന് 67000 രൂപ വീതവുമെന്നതായിരുന്നു കണക്ക്.
ഹെലികോപ്ടർ വാടക ഇനത്തിൽ ഇതുവരെ ജി.എസ്.ടി ഉൾപ്പെടെ 22,21,51000 രൂപ ചെലവായെന്നാണ് വിവരാവകാശ രേഖ പ്രകാരമുള്ള കണക്ക്. മാസവാടകയും അനുബന്ധ ചെലവുകൾക്കുമായി 21,64,79,000 രൂപയും ഫീസിനും അനുബന്ധ ചെലവിനുമായി 56,72,000 രൂപയുമാണ് നൽകിയത്. മാവോയിസ്റ്റ് നിരീക്ഷണം, പ്രളയം പോലുള്ള ദുരന്തഘട്ടങ്ങളിലെ ഉപയോഗം എന്നിവയായിരുന്നു അടിയന്തരാവശ്യമായി ചൂണ്ടിക്കാണിച്ചിരുന്നത്. എന്നാൽ ഈ സാഹചര്യങ്ങളിലൊന്നും ഹെലികോപ്ടർ ഉപയോഗിച്ചിട്ടില്ല. വാങ്ങിയ ശേഷം എത്ര തവണ ഉപയോഗിച്ചു, മാവോയിസ്റ്റ് ഓപ്പറേഷന് ഉപയോഗിച്ചുവോ എന്നതിനടക്കമുള്ള ചോദ്യങ്ങൾക്ക് പൊലീസിന് വ്യക്തമായ മറുപടി നൽകിയിട്ടില്ല.

