ജഗതി ശ്രീകുമാറിന്റെ മകളെ മതം മാറ്റി ക്രിസ്ത്യാനിയാക്കിയ ശേഷം സ്വന്തം വീട്ടിലേക്ക് കയറ്റിയ ആൾ; പിസി ജോർജിനെതിരെ രൂക്ഷ വിമർശനവുമായി ബഷീർ വളളിക്കുന്ന്

തിരുവനന്തപുരം: പിസി ജോർജിനെതിരെ രൂക്ഷ വിമർശനവുമായി സാമൂഹിക നിരീക്ഷകനും ബ്ലോഗറുമായ ബഷീർ വളളിക്കുന്ന്. നാർകോട്ടിക് ജിഹാദ് പരാമർശം നടത്തിയ പാലാ ബിഷപ്പിനെ പിന്തുണച്ചതിനാണ് പിസി ജോർജിനെതിരെ വിമർശനവുമായി ബഷീർ വള്ളിക്കുന്ന് രംഗത്തെത്തിയത്. ലൗ ജിഹാദിനെതിരെ നാർക്കോട്ടിക്ക് അച്ചന്റെ കൂടെ മുന്നണിപ്പടയാളിയായി വിഷയം പരമാവധി കത്തിച്ചു കൊണ്ട് കൂടെയുള്ളത് പി സി ജോർജ്ജാണെന്ന് അദ്ദേഹം പറഞ്ഞു. ജഗതി ശ്രീകുമാറിന്റെ മകളെ മതം മാറ്റി ക്രിസ്ത്യാനിയാക്കിയ ശേഷം സ്വന്തം വീട്ടിലേക്ക് കയറ്റിയ ആളാണ് പി സി ജോർജെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതൊരു പാതകമെന്ന നിലയിലല്ല പറയുന്നത്. മതം മാറുന്നതൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ ചോയ്സാണ്. അതിൽ കയറി ചൊറിയേണ്ട ആവശ്യമില്ല. എന്നാൽ മതം മാറ്റ വിഷയത്തിൽ അതിനെതിരെ ഏറ്റവും ബഹളമുണ്ടാക്കുകയും അതൊരു വർഗ്ഗീയ ധൃവീകരണ അജണ്ടയായി കൊണ്ട് നടക്കുകയും ചെയ്യുന്ന ഒരാളുടെ കാര്യത്തിൽ അത് പരാമർശിക്കപ്പെടുന്നത് തെറ്റല്ലെന്ന് ബഷീർ ചൂണ്ടിക്കാട്ടി.

പൂഞ്ഞാറിൽ വിഷം കലക്കി കലക്കി അവസാനം ജനങ്ങൾ അവിടെ നിന്ന് കെട്ട് കെട്ടിച്ചു. യുഡിഎഫും എൽഡിഎഫും ഈ വിഴുപ്പിനെ വേണ്ടെന്ന് വെച്ചു. ഒരുത്തനും തിരിഞ്ഞു നോക്കാത്ത അവസ്ഥയിൽ ഇവനേയും പൊക്കിപ്പിടിച്ചു നടക്കുന്നത് സമൂഹത്തിൽ വിഷം കലക്കാനുള്ള ഒരവസരവും പാഴാക്കാത്ത ചില അന്തിചർച്ചാ അവതാരകർ മാത്രം. ഇപ്പോൾ മതം മാറ്റത്തിനെതിരെയുള്ള സമരനായകന്റെ പുതിയ റോളിലാണ്. സ്ത്രീപീഡനത്തിനെതിരെയുള്ള സമരത്തിൽ മുന്നണിപ്പോരാളിയായി ഗോവിന്ദച്ചാമിയെന്നും അദ്ദേഹം പരിഹസിച്ചു.