ശമ്പള പരിഷ്‌കരണത്തിലെ അപാകതകൾ പരിഹരിക്കണം; സർക്കാർ ഡോക്ടർമാർ നിസഹകരണ സമരത്തിനൊരുങ്ങുന്നു

തിരുവനന്തപുരം: ശനിയാഴ്ച മുതൽ സർക്കാർ ഡോക്ടർമാർ നിസഹകരണ സമരം ആരംഭിക്കുന്നു. ശമ്പള പരിഷ്‌കരണത്തിലെ അപാകതകൾ പരിഹരിക്കണം എന്നാവശ്യപ്പെട്ടാണ് സർക്കാർ ഡോക്ടർമാർ സമരം ചെയ്യാനൊരുങ്ങുന്നത്. ഒക്ടോബർ 2 ന് സെക്രട്ടേറിയറ്റ് പടിക്കൽ കെജിഎംഒഎ ഉപവാസ സമരം നടത്തും.

കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് സംസ്ഥാന സമിതി അംഗങ്ങൾ മാത്രമായിരിക്കും ഉപവാസത്തിൽ പങ്കെടുക്കുക. തുടർന്ന് രോഗീപരിചരണത്തെ ബാധിക്കാത്ത തരത്തിൽ സംസ്ഥാന വ്യാപക നിസ്സഹകരണ പ്രതിഷേധവും നടത്തും. ശമ്പള പരിഷ്‌കരണത്തിൽ ആനുപാതിക വർദ്ധനവിന് പകരം ലഭിക്കേണ്ട ശമ്പളം പോലും വെട്ടിക്കുറച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഡോക്ടർമാർ സമരത്തിനൊരുങ്ങുന്നത്. എൻട്രി കേഡറിലെ അടിസ്ഥാന ശമ്പളം വെട്ടിക്കുറച്ചു, പേഴ്‌സണൽ പേ നിർത്തലാക്കി, റേഷ്യോ പ്രമോഷൻ റദ്ദാക്കി, കരിയർ അഡ്വാൻസ്‌മെന്റ് സ്‌കിം ഉത്തരവായിട്ടില്ല, റിസ്‌ക് അലവൻസ് ഇല്ല തുടങ്ങിയ പോരായ്മകളും ശമ്പള പരിഷ്‌ക്കരണത്തിൽ ഡോക്ടർമാർ ആരോപിക്കുന്നുണ്ട്.

ഓൺലൈൻ ഉൾപ്പെടെ എല്ലാവിധ മീറ്റിംഗുകളും, ട്രെയിനിംഗുകളും ബഹിഷ്‌കരിക്കാനാണ് ഡോക്ടർമാരുടെ തീരുമാനം. ഇ സഞ്ജീവിനിയിൽ നിന്ന് വിട്ടു നിൽക്കുമെന്നും ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. ഒക്ടോബർ മൂന്നിന് നടക്കുന്ന കെ ജി എം ഒ എ സംസ്ഥാന സമിതിയാണ് തുടർ പ്രതിഷേധങ്ങൾ തീരുമാനിക്കുക.