വ്യാജ ചെമ്പോല പന്തളം കൊട്ടാരത്തിന്റേതെന്ന പേരിൽ പ്രചരിപ്പിച്ചതിന് പിന്നിൽ ഗൂഢാലോചന; ആരോപണങ്ങളുമായി പന്തളം കൊട്ടാരം

ചെങ്ങന്നൂർ: മോൻസൺ മാവുങ്കലിനെതിരെ ആരോപണങ്ങളുമായി പന്തളം കൊട്ടാരം. മോൻസന്റെ കൈവശമുണ്ടായിരുന്ന വ്യാജ ചെമ്പോല പന്തളം കൊട്ടാരത്തിന്റേതെന്ന പേരിൽ പ്രചരിപ്പിച്ചതിന് പിന്നിൽ ഗൂഢാലോചന നടന്നതായാണ് പന്തളം കൊട്ടാരം ആരോപിക്കുന്നത്. ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെയുള്ള ഭക്തജന സമരം തകർക്കാനാണ് വ്യാജ ചെമ്പോല അവതരിപ്പിച്ചത്. ഇത്തരം ഒരു ചെമ്പോലയെക്കുറിച്ച് പന്തളം കൊട്ടാരത്തിന് അറിവില്ല. ആധികാരികത പരിശോധിക്കണമെന്നാവശ്യപ്പെട്ട് പുരാവസ്തു വകുപ്പിന് പരാതി നൽകുമെന്നാണ് കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് ശശികുമാര വർമ്മ അറിയിക്കുന്നത്.

യുവതീപ്രവേശന വിവാദസമയത്താണ് ശബരിമല മൂന്നര നൂറ്റാണ്ടു മുൻപ് ദ്രാവിഡ ആരാധനാ കേന്ദ്രമായിരുന്നെന്ന് സൂചിപ്പിക്കുന്ന രാജമുദ്രയുള്ള രേഖ വാർത്തയിൽ നിറഞ്ഞത്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന സർക്കാരും രേഖയുടെ ആധികാരികത പരിശോധിക്കണമെന്നാണ് ശശികുമാര വർമ്മയുടെ ആവശ്യം. രേഖയ്ക്ക് 351 വർഷം പഴക്കമുണ്ടെന്നായിരുന്നു അവകാശവാദം.

യുവതീ പ്രവേശന വിവദ സമയത്ത് ശബരിമലയിലെ ആചാരങ്ങളെക്കുറിച്ച് ലഭ്യമാകുന്ന ഏറ്റവും പഴയ രേഖയാണിതെന്നും വ്യാഖ്യാനങ്ങളുണ്ടായി. പലരും ചർച്ചകളിൽ ഈ രേഖ ആധികാരികമായി ഉദ്ധരിക്കുകയും ചെയ്തു. മോൻസൻ മാവുങ്കലിന്റെ തട്ടിപ്പിനെ കുറിച്ച് പുറംലോകം അറിഞ്ഞതോടെയാണ് ചെമ്പോലയ്ക്ക് പിന്നിലെ യാഥാർത്ഥ്യം പുറത്തു കൊണ്ടു വരണമെന്നാവശ്യപ്പെട്ട് പന്തളം കൊട്ടാരം രംഗത്തെത്തിയത്.