കോൺഗ്രസ് നേതാവ് അമരീന്ദർ സിംഗ് ബിജെപിയിലേക്കെന്ന് റിപ്പോർട്ട്; അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തി

ന്യൂഡൽഹി: പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച കോൺഗ്രസ് നേതാവ് അമരീന്ദർ സിംഗ് ബി.ജെ.പിയിലേക്കെന്ന് റിപ്പോർട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി അമരീന്ദർ സിംഗ് കൂടിക്കാഴ്ച്ച നടത്തി. ഡൽഹിയിൽ അമിത് ഷായുടെ വസതിയിൽ വെച്ചാണ് കൂടിക്കാഴ്ച്ച.

ബുധനാഴ്ച്ച വൈകിട്ട് ആറു മണിയോടെയാണ് അമരീന്ദർ സിംഗ് അമിത് ഷായുടെ വസതിയിലെത്തിയത്. കഴിഞ്ഞയാഴ്ചയാണ് അമരിന്ദർ സിംഗ് പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. ഏറെ കാലമായി പഞ്ചാബ് കോൺഗ്രസിൽ നിലനിന്ന അഭിപ്രായ ഭിന്നകൾക്കൊടുവിലായിരുന്നു രാജി. മുഖ്യമന്ത്രി സ്ഥാനം രാജി വച്ച സമയത്ത് അമരീന്ദർ ബി.ജെ.പിയിൽ ചേരുമോ എന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകിയിരുന്നില്ല. എന്നാൽ ഡൽഹിയിൽ വെച്ച് അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തിയതോടെ അമരീന്ദർ സിംഗ് ബിജെപിയിൽ ചേരുന്നുവെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ശക്തമാണ്.

മുഖ്യമന്ത്രി എന്ന നിലയിലുള്ള ഡൽഹിയിലെ കപൂർത്തല ഹൗസ് ഒഴിയാൻ എത്തിയതാണെന്നായിരുന്നു കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയപ്പോൾ അമരീന്ദർ സിംഗ് മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ഒക്ടോബർ രണ്ടിന് അമരീന്ദർ സിംഗ് നിർണായക പ്രഖ്യാപനം നടത്തുമെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. അമരീന്ദർ സിംഗ് ബി.ജെ.പിയിൽ ചേർന്നാണ് അത് കോൺഗ്രസിന് വലിയ തിരിച്ചടിയാകുമെന്ന് ഉറപ്പാണ്.

പഞ്ചാബ് മുൻ പിസിസി അദ്ധ്യക്ഷൻ നവ്‌ജ്യോത് സിംഗ് സിദ്ദുവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് അമരീന്ദർ സിംഗിന് മുഖ്യമന്ത്രി സ്ഥാനം രാജിവെയ്‌ക്കേണ്ടി വന്നത്.