ന്യൂഡൽഹി: പാരിസ്ഥിതിക വിഷയങ്ങളിൽ ദേശീയ ഹരിത ട്രൈബ്യൂണലിന് സ്വമേധയാ കേസ് എടുക്കാനുള്ള അധികാരമുണ്ടെന്ന് സുപ്രീം കോടതി. മുംബൈ കോർപ്പറേഷനും ദേശീയ ഹരിത ട്രൈബ്യൂലുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീം കോടതിയുടെ പരാമർശം. ക്വാറി കേസിൽ സംസ്ഥാന സർക്കാരിനും ഉടമകൾക്കും തിരിച്ചടിയാകുന്ന നിർണായക ഉത്തരവ് കൂടിയാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്.
മുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ മാലിന്യ സംസ്‌കരണത്തിനെതിരെ മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ദേശീയ ഹരിത ട്രൈബ്യൂണൽ എടുത്ത കേസിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ. കത്തുകൾ, മാദ്ധ്യമ വാർത്തകൾ എന്നിവയുടെ അടിസ്ഥാനത്തിൽ ട്രൈബ്യൂണലിന് സ്വമേധയാ കേസുമായി മുന്നോട്ട് പോകാമെന്ന് സുപ്രീം കോടതി പറഞ്ഞു. ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ, ഹൃഷികേശ് റോയ്, സി.ടി. രവികുമാർ എന്നിവർ അടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.
NGT നിയമപ്രകാരം ദേശീയ ഹരിത ട്രൈബ്യൂണലിന് സ്വമേധയാ കേസെടുക്കാൻ അധികാരമില്ലെന്നാണ് ക്വാറി ഉടമകൾ വാദിച്ചിരുന്നത്. ഇക്കാര്യത്തിലാണ് സുപ്രീംകോടതി വ്യക്തത വരുത്തിയത്. ഖനനത്തിനായി സ്ഫോടനം നടത്തുന്ന ക്വാറികൾ ജനവാസകേന്ദ്രത്തിൽ നിന്ന് ഇരുനൂറ് മീറ്ററും, അല്ലാത്തവ നൂറ് മീറ്ററും ദൂരപരിധി പാലിക്കണമെന്നാണ് ഹരിത ട്രൈബ്യൂണൽ ഉത്തരവ്. ഇത് ചോദ്യം ചെയ്ത് സംസ്ഥാന സർക്കാരും, അദാനി ഗ്രൂപ്പും, ക്വാറി ഉടമകളും സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ പരാമർശം ബാധകമാകുക.
സ്വമേധയാ കേസെടുത്ത് ഉത്തരവിറക്കാൻ ദേശീയ ഹരിത ട്രൈബ്യുണലിന് അധികാരമില്ലെന്ന് കേന്ദ്രസർക്കാർ കഴിഞ്ഞ തവണ സുപ്രീം കോടതിയിൽ നിലപാട് അറിയിച്ചിരുന്നു. എന്നാൽ കത്തുകൾ, നിവേദനം എന്നിവയുടെ അടിസ്ഥാനത്തിൽ പരിസ്ഥിതി വിഷയങ്ങളിൽ ഇടപെടാൻ ഹരിത ട്രൈബ്യുണലിന് കഴിയുമെന്നും സർക്കാർ അറിയിച്ചിരുന്നു. പരിസ്ഥിതി വിഷയങ്ങളിൽ ഹരിത ട്രൈബ്യുണലിന് വിശാലമായ അധികാരമുണ്ടെന്നായിരുന്നു വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നിലപാട്.

