സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ വാർഡ് തല ജാഗ്രതാ സമിതികൾ ശക്തമാക്കും; വനിതാ കമ്മീഷൻ അധ്യക്ഷ

കോഴിക്കോട്: സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ വാർഡ് തല ജാഗ്രതാ സമിതികൾ ശക്തമാക്കുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി. വാർഡ് തലത്തിലുള്ള ജാഗ്രതാ സമിതികളിലൂടെ താഴെത്തട്ടിൽ നിന്നു തന്നെ സ്ത്രീകളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാക്കുമെന്ന് സതീദേവി പറഞ്ഞു. കോഴിക്കോട് സിവിൽ സ്റ്റേഷനിലെ വനിതാ കമ്മീഷൻ മേഖലാ ഓഫീസ് സന്ദർശിക്കവെയാണ് സതീദേവി ഇക്കാര്യം വ്യക്തമാക്കിയത്.

ജാഗ്രതാ സമിതികൾ സംബന്ധിച്ച് വാർഡുകൾ തോറും പരിശീലന പരിപാടികൾ സംഘടിപ്പിക്കുമെന്നും വനിതാ കമ്മീഷൻ അദ്ധ്യക്ഷ അറിയിച്ചു. ഇതുവഴി സ്ത്രീകളുടേയും കുട്ടികളുടേയും വയോജനങ്ങളുടേയും പ്രശ്‌നങ്ങൾ കുറയ്ക്കാൻ സാധിക്കും. പഞ്ചായത്ത് തലത്തിൽ കൗൺസലിങ് കൂടുതൽ ഊർജ്ജിതപ്പെടുത്തുമെന്നും ഇതിനായി തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണം ഉറപ്പുവരുത്തുമെന്നും സതീദേവി കൂട്ടിച്ചേർത്തു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അഡ്വ. പി സതീദേവിയെ പൊന്നാടയണിയിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി ശിവാനന്ദൻ, സെക്രട്ടറി അഹമ്മദ് കബീർ, ജില്ലാ പഞ്ചായത്തംഗങ്ങൾ തുടങ്ങിയവരാണ് ചടങ്ങിൽ പങ്കെടുത്തത്.